തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളാ പര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഉടന്‍ പൊതുജനങ്ങളുടെ യാത്രയ്ക്കായി നിരത്തിലിറക്കുമെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട്- ബംഗളുരു റൂട്ടില്‍ സര്‍വ്വീസ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച അന്തിമ തീരുമാനം രണ്ടുദിവസത്തിനുളളിലുണ്ടാകും. നവകേരള സദസ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ബസ് വെറുതെ കിടക്കുകയാണെന്ന് വാര്‍ത്ത വന്നതിനു പിന്നാലെയാണ് ബസ് ഉപയോഗിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കി ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. യാത്രയ്ക്കുശേഷം ബസ് പുതുക്കിപ്പണിയുന്നതിനായി കഴിഞ്ഞ ജനുവരിയില്‍ ബംഗളുരുവിലെ പ്രകാശ് കോച്ച് ഫാക്ടറിക്ക് കൈമാറി. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയായിരുന്നു ക്രമീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതിനിടെ ഗതാഗത മന്ത്രി മാറിയതോടെ ബസിന്റെ കാര്യത്തില്‍ താത്പര്യം കുറഞ്ഞു. നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥരെ അയക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. മൂന്നുമാസത്തോളം ബസ് ബംഗളുരുവില്‍ കിടന്നു. ഇത് പരാതിക്കിടയാക്കിയതോടെയാണ് കെഎസ്ആര്‍ടിസി ബസ് വീണ്ടും ഏറ്റെടുത്തത്.