ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവതരിപ്പിച്ചു. ഇതനുസരിച്ച് മൊത്തം തുകയില്‍ നിന്ന് 3 ലക്ഷം കോടി രൂപ ചെറുകിട, നാമമാത്ര, ഇടത്തരം സംരംഭകര്‍ക്ക് പ്രതിസന്ധി മറികടക്കുന്നതിനായി വായ്പകള്‍ക്കായി മാറ്റി വെയ്ക്കും. വായ്പ ഈടൊന്നും വെയ്ക്കാതെ തന്നെ ലഭ്യമാക്കും. ഒരു വര്‍ഷം വരെ മൊറൊട്ടോറിയം ലഭിക്കുന്ന ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 4 വര്‍ഷമാണ്. 100 കോടി രൂപ വരെ വിറ്റുവരവുള്ള സംരംഭര്‍ക്കും വ്യാപാരികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
45 ലക്ഷം സംരംഭകര്‍ക്ക് ഈ വായ്പാ പാക്കേജിന്റെ ഗുണം ലഭിക്കും. വായ്പ കിട്ടാകടമായി പ്രഖ്യാപിച്ചിട്ടുള്ളവര്ക്കും പുതിയ വായ്പാ പദ്ധതിയില്‍ വായ്പക്ക് അപേക്ഷിക്കാം. ഇതനുസരിച്ച് ചെറുകിട വ്യവസായ സംരംഭകരെ കേന്ദ്ര സര്‍ക്കാര്‍ പുനര്‍ നിര്‍വ്വചിച്ചു. ഒരു കോടി വരെ നിക്ഷേപമുള്ളവര്‍ മൈക്രോ വിഭാഗത്തിലും, 10 കോടി വരെ നിക്ഷേപമുള്ളവര്‍ ചെറുകിട വിഭാഗത്തിലും, 20 കോടി വരെ നിക്ഷേപമുള്ളവര്‍ ഇടത്തരം വിഭാഗത്തിലുമാണ് വരിക. ടി.ഡി.എസ്, ടി.സി.എസ് നിരക്ക് 25 ശതമാനം കുറച്ചതായി ധനമന്ത്രി അറിയിച്ചു.