പഞ്ചാബികളും, ജാട്ടുകളും ശാരീരികമായി ശക്തരാണെങ്കിലും ബുദ്ധിശൂന്യരാണെന്ന വിവാദ പ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. എന്നാല്‍ ബംഗാളികള്‍ വളരെ ബുദ്ധിമാന്മാരാണെന്നും ബിപ്ലബ് കുമാര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ സമുദായങ്ങളും ഒരോ പ്രത്യേക തരത്തിലുള്ള സ്വഭാവത്തില്‍ അറിയപ്പെടുന്നവരാണെന്ന് ഞായറാഴ്ച അഗര്‍ത്തല പ്രസ് ക്ലബില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേ ബിജെപി നേതാവ് വിശദീകരിച്ചു. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
''ബംഗാളിനെയോ ബംഗാളികളെക്കുറിച്ചോ സംബന്ധിച്ച് പറയുകയാണെങ്കില്‍, ബൂദ്ധിയെ സംബന്ധിച്ച് ഒരാളും അവരെ വെല്ലുവിളിക്കരുതെന്നാണ് പറയപ്പെടുന്നത്. ബംഗാളികള്‍ അതീവ ബുദ്ധിമാന്മാരാണ്, അത് അവരുടെ സ്വത്വമാണ്. എന്നാല്‍ പഞ്ചാബികള്ക്കാകട്ടെ ബുദ്ധിശക്തി കുറവായിരിക്കാം, പക്ഷെ, അവര്‍ വളരെ ശക്തരാണ്. ഒരാള്‍ക്ക് അവരെ ശക്തികൊണ്ട് ജയിക്കാനാവില്ല, പക്ഷേ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും മാത്രമേ ജയിക്കാനാവൂ. ഹരിയാനയില്‍ ധാരാളം ജാട്ടുകള്‍ താമസിക്കുന്നു. ജാട്ടിനെക്കുറിച്ച് ആളുകള്‍ എന്താണ് പറയുന്നത്? ജാട്ടുകള്‍ക്ക് ബുദ്ധി കുറവാണ്. പക്ഷേ അവര്‍ക്ക് ശാരീരിക ക്ഷമതയുണ്ട്, ഒരാള്‍ ഒരു ജാട്ടിനെ വെല്ലുവിളിച്ചാല്‍ അയാള്‍ വീട്ടില്‍ നിന്ന് തോക്കുമായി ആയിരിക്കും വരുന്നത്''- ദേബ് പറഞ്ഞു
പഞ്ചാബിലെ സിഖ് സഹോദരന്മാരെയും ഹരിയാനയിലെ ജാട്ട് സമുദായത്തെയും ദേബ് അപമാനിച്ചതായി വീഡിയോ ക്ലിപ്പ് ട്വീറ്റ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇത് ബിജെപിയുടെ തഴ്ന്ന മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.