കുളു: നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു. നടന് തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. കൊറോണ വൈറസ് പരിശോധനയില്‍ തനിക്ക് രോഗം സ്ഥിരീകരിച്ചുവെന്നും വീട്ടില്‍ നിരീക്ഷണത്തിലാണ്, ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗുര്‍ദാസ്പൂരില്‍ നിന്നുളള ബിജെപി എംപിയാണ് സണ്ണി ഡിയോള്‍. കുറച്ചു ദിവസങ്ങളായി കുളു ജില്ലയില്‍ താമസിച്ചിരുന്ന എംപി സുഹൃത്തുക്കളോടൊപ്പം മുംബൈയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അറുപത്തിനാലുകാരനായ താരം തോളില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം കുളു ജില്ലയിലെ മണാലിക്ക് സമീപമുളള ഫാം ഹൗസിലായിരുന്നു താമസം.
അപ്നെയുട രണ്ടാം ഭാഗമായ അപ്നെ 2വിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുക. പിതാവ് ധര്‍മേന്ദ്ര, സഹോദരന് ബോബി ഡിയോള്‍, മകന് കരണ്‍ ഡിയോള്‍ എന്നിവരോടൊപ്പമുളള സിനിമ 2021ല്‍ ദീപാവലി റിലീസിന് ഒരുങ്ങുകയാണ്.കുടുംബത്തോടൊപ്പം വീണ്ടും ജോലി ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സണ്ണി ഡിയോള്‍ ട്വിറ്ററില്‍ കുറിച്ചു. അപ്നെ 2 സംവിധാനം ചെയ്യുന്നത് അനില്‍ ശര്‍മ്മയാണ്. സിനിമയുടെ നിര്‍മാണം ദീപക് മുകുത് ആണ് നിര്‍വഹിക്കുന്നത്.