ടെഹ്റാന്: വിദേശ നിര്‍മിത കൊവിഡ് വാക്സിന് സ്വീകരിച്ച് ഇറാന്. റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്നിക് വിയുടെ അഞ്ച് ലക്ഷം ഡോസാണ് മോസ്കോയില്‍ നിന്ന് ടെഹ്റാനിലെ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇറാന് റഷ്യയില്‍ നിന്ന് അമ്പത് ലക്ഷം ഡോസ് സ്പുട്നിക് വി വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ബാച്ച് വാക്സിന് ഫെബ്രുവരി 18-നും 28-നുമായി എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇറാനിലെ പരമോന്നത നേതാവായ അയത്തൊളള അലി ഖൊമേനി അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുളള വാക്സിനുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കിയിരുന്നു.ഇരു രാജ്യങ്ങളും വഞ്ചക രാജ്യങ്ങളാണ് അവ മറ്റു രാജ്യങ്ങളിലേക്ക് രോഗം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നിയന്ത്രണങ്ങള്‍ക്കനുസൃതമായി സുരക്ഷിതമായ വിദേശ നിര്‍മിത വാക്സിന് സ്വീകരിക്കുമെന്ന് ഹസ്സന് റുഹാനി വ്യക്തമാക്കിയിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ഇറാന്. 1.4 ദശലക്ഷം കേസുകളും 58,000 മരണങ്ങളുമാണ് ഇറാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.