പത്തനംതിട്ടയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് എത്തി അസുഖ ബാധിതരായവരുടെ കുടുംബസുഹൃത്തുക്കളാണിവർ. ഏഴ് കേസുകളാണ് ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചത്. കോഴഞ്ചേരിയിൽ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവർക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കൊറൊണ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. നാലു പേർക്കെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു. ആശുപത്രിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ചയാൾക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇയാൾക്കെതിരെ നടപടി എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകിയിട്ടുണ്ട്.