കേരളത്തിലെ മാധ്യമങ്ങള്‍ ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഒഫീസുകളാണൊ - എസ്. വി. മെഹ്ജൂബ്

Mehajoob S.V 10 months ago

ദേശീയതലത്തിലെന്നപോലെ ബിജെപിയോട് അച്ചാരം വാങ്ങിയാണോ കേരളത്തിലെ ചില മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഒരുകൂട്ടം ദൃശ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് സംശയിക്കേണ്ട സ്ഥിതിയാണ് തെരഞ്ഞെടുപ്പ് കാലയളവില്‍ വന്നുചേര്‍ന്നിരിക്കുന്നത്. 'സന്ദീപ് വാചസ്പതി ആലപ്പുഴയില്‍', 'സന്ദീപ്‌ വാരിയര്‍ തൃത്താലയില്‍ നിന്ന് ഷോര്‍ണ്ണൂരിലേക്ക്' എന്നൊക്കെ തലക്കെട്ടുകളുടെ താളപ്പെരുക്കങ്ങളോടെ തട്ടിവിടുന്നത് കേട്ടുനോക്കൂ. ഈ വാചസ്പതിയും വാര്യരുമൊക്കെ എവിടെ മത്സരിച്ചാലും കണക്കുതന്നെ എന്ന സാമാന്യയുക്തി ഇവരുടെയൊക്കെ ഉള്ളില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണൊ പ്രധാന തലക്കെട്ടുകളില്‍ താളവാദ്യങ്ങളുടെ അകമ്പടിയില്‍ ഇങ്ങനെയൊക്കെ തട്ടിവിടുന്നത്. അല്ലായെന്ന് ബിജെപി സ്ഥാനാര്‍ഥി പട്ടികയേയും സുരേന്ദ്രന്‍റെ ഇരട്ട സ്ഥാനാര്‍ത്ഥിത്വത്തെയുമൊക്കെ ഇവര്‍ കൈകാര്യം ചെയ്ത രീതി കണ്ടാല്‍ മനസ്സിലാകും. ബിജെപിയുടെ രാഷ്ട്രീയ അന്തര്‍ഗതങ്ങളെ എത്ര മൃദുവായാണിവര്‍ തലോടുന്നത്.

'ഓപ്പറേഷന്‍ താമര കഴക്കൂട്ടത്തും' എന്നൊക്കെയുള്ള തലക്കെട്ട് കേട്ടാല്‍, മറ്റ് പാര്‍ട്ടികളിലെ പ്രവര്‍ത്തകരെ, നേതാക്കന്മാരെ രാഷ്ട്രീയ അഴിമതിയിലൂടെ തങ്ങളുടെ തൊഴുത്തിലെത്തിക്കുന്ന ഇക്കൂട്ടരുടെ ഗൂഢ, അധോലോക നീക്കങ്ങള്‍ വലിയ തെറ്റാണ് എന്ന് പ്രേക്ഷകര്‍ക്ക് ഒരിക്കലും തോന്നാനിടയില്ല. 'ചാണക്യതന്ത്രങ്ങള്‍' എന്ന നിലയില്‍ അത്തരം രാഷ്ട്രീയ അഴിമതികളെയെല്ലാം സദ്‌ വാര്‍ത്തകളായാണ് ഇത്തരം വാര്‍ത്താ മാധ്യമങ്ങള്‍ തങ്ങളുടെ പ്രേക്ഷകരിലെത്തിക്കുന്നത്. ഇതിലൂടെ രാഷ്ട്രീയ അഴിമതികള്‍ക്ക് ഒരുതരം സാമൂഹ്യ അംഗീകാരം സാധ്യമാക്കുകയാണ് അവര്‍ ചെയ്യുന്നത്. ജനാധിപത്യത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഒരു ഭാഗത്ത് ജനാധിപത്യത്തെ തേച്ചോട്ടിച്ചവരെ കൊണ്ടിരുത്തിയാണ് ന്യൂസ്‌ ചാനലുകള്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം നിര്‍വ്വഹിച്ചിട്ടുള്ളത്. ഇതിലൂടെ ലഭിച്ച അംഗീകാരമാണ് കേരളത്തില്‍ ബിജെപി രാഷ്ട്രീയത്തിന് ഇത്ര വിസിബിലിറ്റി ലഭിക്കാനിടയാക്കിയത് എന്നത്, നേരത്തെ ഉയര്‍ന്നുവന്നതെങ്കിലും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെപോയ വിഷയമാണ്. ബിജെപിയുടെ അല്ലെങ്കില്‍ എന്‍ഡിഎയുടെ കേന്ദ്രത്തിലേയും കേരളത്തിലേയും അവസ്ഥയും മാധ്യമങ്ങള്‍ അവരോട് സ്വീകരിക്കുന്ന ഉദാര സമീപനവും കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ മാത്രമേ അച്ചാരം വാങ്ങിയെന്ന തരത്തില്‍ മാധ്യമങ്ങള്‍ നിര്‍വ്വഹിക്കുന്ന ഈ പണിയെ വിശകലനം ചെയ്യാന്‍ സാധിക്കൂ. 

എന്താണ് കേന്ദ്രത്തിലെയും കേരളത്തിലെയും ബിജെപിയുടെ അവസ്ഥ?

മാധ്യമങ്ങളുടെ ശ്രദ്ധ മാറിയെങ്കിലും കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന ഐതിഹാസികമായ പ്രക്ഷോഭം മുന്നേറുകതന്നെയാണ്. ഫലം കാണാതെ പിന്മാറുന്ന പ്രശ്നമില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയാണ്. 'കേന്ദ്ര സര്‍ക്കാര്‍ ബംഗാളിലെങ്കില്‍ പ്രക്ഷോഭം ബംഗാളില്‍ നടക്കും' എന്ന അവരുടെ  പ്രഖ്യാപനത്തിന്റെ ഇഛാശക്തി എത്രത്തോളമാണ് എന്ന് പഞ്ചാബില്‍ നടന്ന തദ്ദേശ തരെഞ്ഞെടുപ്പ് ഫലം വെളിവാക്കിയതാണ്. ശിരോമണി അകാലിദളുമായി ചേര്‍ന്ന് തുടര്‍ച്ചയായി 10 വര്‍ഷം പഞ്ചാബ് ഭരിച്ച ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ക്ക് സിറ്റിംഗ് സീറ്റുകളില്‍ 50 വോട്ട് തികച്ച് നേടാന്‍ കഴിഞ്ഞില്ല. ഹരിയാനയില്‍ ഖട്ടര്‍ സര്‍ക്കാര്‍ ഉപമുഖ്യമന്ത്രിയായ ഓം പ്രകാശ് ചൌതാലയുടെ കൊച്ചുമകന്റെ ഭീഷണിയിലാണ്. ബിജെപി നേതാവ് സാഹിബ് സിങ്ങ് വര്‍മ്മ മുഖ്യമന്ത്രിയായിരുന്ന ഡല്‍ഹിയില്‍ ബിജെപിയുടെ തകര്‍ച്ച പൂര്‍ണ്ണമാകുകയാണ്. നാലിടത്ത് നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഒരെണ്ണം പോലും ബിജെപിക്ക് ലഭിച്ചില്ല. നിങ്ങളാദ്യമേ പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ പോകില്ലായിരുന്നു എന്ന് മധ്യപ്രദേശില്‍ കമല്‍നാഥിനെ അട്ടിമറിച്ച ജ്യോതിരാദിത്യ സിന്ധ്യ രാഹുല്‍ ഗാന്ധിയോട് പറഞ്ഞുതുടങ്ങിയിരിക്കുന്നു. പറയാന്‍ തുടങ്ങിയാല്‍ ഇത് എത്രയെങ്കിലും നീണ്ടുനീണ്ടുപോകും.

എന്താണ് ബിജെപിയുടെ കേരളത്തിലെ അവസ്ഥ?

നേതാക്കള്‍ തമ്മില്‍ കണ്ടാല്‍ മിണ്ടില്ല. കൃത്യമായ മുദ്രാവാക്യമില്ല. ഒ രാജഗോപാലും ശോഭയും കെ.സുരേന്ദ്രനും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഓരോ കാര്യത്തിലും ഉള്ളത്. കൃസ്തീയ സഭകളെ കൂടെ നിര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടു. രാഷ്ട്രീയ നൈതികത എന്ന വാക്ക് കേട്ടിട്ടുപോലുമില്ലാത്ത എ പി അബ്ദുള്ളക്കുട്ടിയെപ്പോലൊരാളെ ദേശീയ അധ്യക്ഷനാക്കാനും 'ഞാന്‍ മുഖ്യമന്ത്രിയാകാം' എന്നും പറഞ്ഞെത്തിയ ഇ ശ്രീധരനോട്‌ 'എന്നാല്‍ പിന്നെ നിങ്ങള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി' എന്നുപറയാനും മടിയും നാണവുമില്ലാത്ത ദുര്‍ബ്ബലമായ സംവിധാനം. കേന്ദ്രത്തിലെ പണം കൊണ്ട് ഓപ്പറേഷന്‍ താമര എന്ന പേരില്‍ രാഷ്ട്രീയ അഴിമതി നടത്താന്‍ ഓടിനടക്കുന്ന നേതൃത്വം. ചുരുക്കിപ്പറയാന്‍ ശ്രമിക്കുമ്പോഴും വൈരുദ്ധ്യങ്ങള്‍ നീണ്ടു പോകുന്നതിനാല്‍ ഉദാഹരണങ്ങള്‍ അവസാനിപ്പിക്കുകയാണ്. 

ചുരുക്കത്തില്‍ ഇങ്ങനെയൊക്കെയുള്ള, അടിസ്ഥാന ജനധിപത്യമൂല്യങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു പാര്‍ട്ടിയെ തങ്ങളുടെ മാധ്യമപ്പെട്ടിയില്‍ നിറച്ചു നിര്‍ത്താന്‍ പെടാപാടുപെടുന്ന മാധ്യമങ്ങള്‍ എന്തുതരത്തിലുള്ള സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. 100 വാര്‍ത്തകളടങ്ങുന്ന നിങ്ങളുടെ ഒരു മണിക്കൂര്‍ നീളുന്ന ബുള്ളറ്റിനുകളില്‍, ന്യൂസ്‌ ഡിബേറ്റുകളില്‍ എത്ര സമയം നിങ്ങള്‍ അവര്‍ക്കായി മാറ്റിവെയ്ക്കുന്നു എന്ന ഒറ്റക്കാര്യം, ആത്മാര്‍ഥമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും നിങ്ങളുടെ കള്ളക്കളി മനസ്സിലാകും. ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും ദൌര്‍ബല്യങ്ങളാണ് എന്ന് കുറ്റാരോപണം നടത്തുന്ന മാധ്യമങ്ങള്‍ ഒന്നോര്‍ക്കണം നിങ്ങളെക്കാള്‍ വലിയ പങ്ക് അക്കാര്യത്തില്‍ ഇപ്പറയുന്ന പാര്‍ട്ടികള്‍ക്കൊന്നുമില്ല. അപവാദങ്ങളുണ്ട്. എങ്കിലും അവര്‍ അവരുടെതായ രീതിയില്‍ ചെറുത്തുനില്‍പ്പ് നടത്തിയതിനുള്ള ഉദാഹരണങ്ങള്‍ എമ്പാടുമുണ്ട് എന്ന് കേരളത്തോടൊപ്പം ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലേക്കും തമിഴ്നാട്ടിലേക്കും ഒന്ന് കണ്ണോടിച്ചാല്‍ മനസ്സിലാകും. 

Contact the author

Recent Posts

Web Desk 5 months ago
Editorial

ഉണ്ണിമായയോടല്ല ആയിഷാബീവിയോടാണ് ഒപ്പന പാടി വരാന്‍ പറയേണ്ടത്- പി. സി. ജോര്‍ജ്ജ്‌

More
More
Web Desk 7 months ago
Editorial

777 ചാര്‍ലി മലയാളത്തിലും; രക്ഷിത് ഷെട്ടി ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് പൃഥ്വിരാജ്

More
More
Mehajoob S.V 10 months ago
Editorial

കര്‍ഷകര്‍ തോറ്റാല്‍ യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായിരിക്കും - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 11 months ago
Editorial

ചെത്ത് വെറുമൊരു തൊഴിലല്ല സുധാകരാ - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 1 year ago
Editorial

തോമസ്‌ ഐസക് താങ്കള്‍ ബജറ്റിനെ സാധാരണക്കാരുടെ വിഷയമാക്കി മാറ്റി - എസ്. വി. മെഹ്ജൂബ്

More
More
Mehajoob S.V 1 year ago
Editorial

താഹ അറസ്റ്റ്, ഏറ്റുമുട്ടല്‍ കൊല - ഡിവൈഎഫ്ഐക്ക് എന്തുപറയാനുണ്ട്?- എസ്. വി. മെഹ്ജൂബ്

More
More