ചെന്നൈ: സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തി തമിഴ് നടന് വിജയ്. വിജയ് സൈക്കിളോടിച്ച് വോട്ട് ചെയ്യാനെത്തുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചെന്നൈ നീലാങ്കരയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധമാണ് വിജയ് സൈക്കിളില്‍ വന്ന് നടത്തിയതെന്നും എ.ഐ.എ.ഡി.എം.കെ ബിജെപി സഖ്യത്തിനെതിരായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.
തമിഴ് സിനിമാമേഖലയിലെ നിരവധി താരങ്ങള്‍ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയിരുന്നു. വിജയിയെ കൂടാതെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന് സൂര്യ, രജനീകാന്ത്, അജിത്, ശിവകാര്ത്തികേയന്, എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ഉദയനിധി സ്റ്റാലിന് എന്നിവരും വോട്ട് രേഖപ്പെടുത്തി. തമിഴ്നാട്ടില്‍ 3998 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആറുകോടി ഇരുപത്തിയെട്ട് ലക്ഷം ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തും.