കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം. ബീച്ചുകളിലും പാര്‍ക്കുകളിലുമുള്‍പ്പെടെ ആളുകള്‍ കൂടാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴ് മണിക്കുശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. സന്ദര്‍ശകരുടെ എണ്ണം കൂടിയാല്‍ ബീച്ച് അടച്ചിടും. അറുപതു വയസിനു മുകളില്‍ പ്രായമുളളവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ബീച്ചില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. രണ്ടാഴ്ച്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കല്യാണങ്ങള്‍ക്ക് ഇരുന്നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത് തുടങ്ങിയവ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
സംസ്ഥാനത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 6194 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 977, കോഴിക്കോട്, 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 61,957 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോദിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4767 ആയി.