കോട്ടയം: പാര്‍ട്ടിയാണ് വലുത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്ക് രണ്ടാമതേ സ്ഥാനമുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. പാര്‍ട്ടിയില്‍ നിന്ന് വേദനയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പഴയ കാര്യങ്ങളെക്കുറിച്ച് ഇനിയും സംസാരിക്കേണ്ടതില്ല. പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനോട് താന്‍ സഹകരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്നങ്ങളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വി ഡി സതീശന് ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതോടൊപ്പം, നടക്കാനിരിക്കുന്ന യു ഡി എഫിന്റെ നിര്‍ണായക മീറ്റിങ്ങില്‍ ഇരുവരോടും പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യത്തിന് പ്രതികരണം നല്‍കാത്ത സാഹചര്യത്തിലാണ് വി ഡി സതീശന് ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ പോയി കണ്ടത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയേയും, രമേശ് ചെന്നിത്തലയേയും മാറ്റി നിര്‍ത്തികൊണ്ട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന അഭിപ്രായം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് അനുനയ ശ്രമങ്ങള്‍ പുതിയ നേതൃത്വത്തില്‍ നിന്നുണ്ടായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, പിണക്കങ്ങളുണ്ടാകുമ്പോള്‍ ഇണക്കത്തിന്റെ ശക്തി കൂടുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് പറയുന്നില്ല. മറിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എതിര്‍പ്പുകളുള്ള നേതാക്കളെയെല്ലാം നേരില്‍ കണ്ട് ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചക്ക് ശേഷം വിഡി സതീശന് വ്യക്തമാക്കി.