റൈനോൾഡച്ചന്റെ ബാധ- ലിഷാ യോഹന്നാന്‍

വായിക്കുന്ന പുസ്തകങ്ങളിൽ നിന്ന് കഥാപാത്രങ്ങളുടെ ബാധകേറാറുണ്ടോ നിങ്ങള്‍ക്ക്! എനിക്കു ചില കഥാപാത്രങ്ങളൊക്കെ പ്രേതങ്ങളായി കൂടെ കൂടീട്ടുണ്ട്. ഉള്ളിലാവേശിച്ചു വട്ടുപിടിപ്പിച്ചിട്ടുണ്ട് ! ഈ കഥാപാത്രങ്ങൾക്കൊക്കെ എങ്ങനെയാണ് പരകായ പ്രവേശസിദ്ധി കിട്ടിയതെന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ ചെറുപ്പത്തിൽ കുഞ്ഞേച്ചി പറഞ്ഞുതന്ന പ്രേതങ്ങളുടെ കഥയോർക്കും. അതിന്റെ പൊട്ടിപ്പോയ അരികും മൂലയും ചേർത്തുവെച്ചു ഞാനെന്റെ പേടികളെ തിരികെ വിളിക്കും.

ഗൈനക്കോളജിയിൽ നിന്ന് NICU വഴി പീഡിയാട്രിക്സിലെത്തിയ ഹൗസ് സർജൻസി കാലത്താണ് എനിക്ക് റൈനോൾഡ്സച്ചന്റെ ബാധ കേറുന്നത്. ആദ്യ ദിവസം ഒരു പാമ്പുകടിയുടെ ഓർമയിൽ നീരുവച്ച കാലുമായി തളർന്നുറങ്ങിയിരുന്ന കുഞ്ഞിപെണ്ണ് കണ്ണുതുറന്നു ചിരിച്ചു,

"നന്ദൂനെപ്പോലെണ്ട്..."

"ആരാ നന്ദു?"

"അവൾടെ ചേച്യാ...."

ഒരു നിമിഷത്തിൽ ഞാനവളുടെകൂടി കുഞ്ഞേച്ചിയാവുന്നതുപോലെയും എന്നെ ആവേശിച്ച റെയ്നോൾഡ്സച്ചന്റെ ബാധ ഉള്ളിലൊരിടത്തിരുന്ന് പുഞ്ചിരിക്കുന്നതുപോലെയും എനിക്കു തോന്നി. രണ്ടാമത്തെ ദിവസം റൗണ്ട്സിൽ ICU ലെ നാലു വയസ്സുകാരനെ കാട്ടി HOD യുടെ ചോദ്യം, 

"What is the treatment of this disease??"

"Sir....."   നിസ്സഹായത!

മൗനത്തിനിടെ ആ അസുഖത്തിന് എനിക്കറിയാത്ത ഒരു ചികിത്സ ഉണ്ടാവുമെന്ന് ഞാൻ വെറുതേയൊന്നു പ്രാർഥിച്ചു.

"Yes. There is nothing to do. No specific treatment. നമ്മൾ supportive care കൊടുക്കുന്നു, ബാക്കിയെല്ലാം ഇവന്റെ ഭാഗ്യം പോലെ"

തലച്ചോറിലന്നേരം ഇടിവെട്ടി മഴപെയ്തു. ഉള്ളിലിരുന്നു റെയ്നോൾഡ്സച്ചൻ അത്താണിയെ ഒന്നൂടെ ചേർത്തുപിടിച്ചു. കുനിഞ്ഞു വ്രണം നിറഞ്ഞ അത്താണിയുടെ കവിളിൽ ഉമ്മ കൊടുക്കുമ്പോൾ കുശിനിക്കാരൻ ഒരു പായ കൊണ്ടുവന്നു റെയ്നോൾഡ്സച്ചന് എറിഞ്ഞു കൊടുത്തിട്ടു പറഞ്ഞു, "ചത്താ ഇതില് കെട്ടി കുഴിച്ചിടാൻ പറഞ്ഞു."

അച്ചനയാളോടു ശാന്തമായി പറഞ്ഞു, "അവന് സൗഖ്യമായി, ദൈവം അവനെ തൊട്ടു"

'എനിക്കറിയാം' കണ്ണുകൂമ്പി തളർന്നുകിടക്കുന്ന നാലുവയസ്സുകാരനെ നോക്കി മനസ്സു വാശിപിടിച്ചു, 'അവൻ ഭാഗ്യമുള്ള കുട്ട്യാണ്... അവനെണീറ്റു വരും നോക്കിക്കോ!'

റെയ്നോൾഡ്സച്ചൻ അത്താണിയെ സുഖപ്പെടുത്തിയപോലെ, അദൃശ്യമായ ഒരു ശക്തി അവനെ സുഖപ്പെടുത്തുമെന്നും ഉറക്കമുണരുന്ന ലാഘവത്തോടെ അവനെണീറ്റുവരുമെന്നും ഒരു കാരണവുമില്ലാതെ ഞാൻ തീരുമാനിച്ചുവെച്ചു. അവനു കാവലിരുന്ന നേരത്തൊക്കെയും പേരയ്ക്കായുടെ രുചിയുള്ള ഒരു ദൈവം അവനെ ഇപ്പോൾ വന്നു തൊടുമെന്ന് ഞാൻ വെറുതേ പ്രതീക്ഷിച്ചുകൊണ്ടിരുന്നു.

ചില പാതിരാത്രികളിൽ കുഞ്ഞുറക്കങ്ങൾ മുറിഞ്ഞുപോവാതെ ഏറ്റവും മൃദുവായി ബിപികഫ് കെട്ടുമ്പോ, സത്യമായിട്ടും റെയ്നോൾഡ്സച്ചനെ തൊടാറുണ്ടായിരുന്നു ഞാൻ. അപ്പൊഴൊക്കെയും സ്നേഹം പിരിച്ചെടുത്ത ഒരു പൊക്കിൾവള്ളികൊണ്ട്‌ ആ കുഞ്ഞുങ്ങളെയൊക്കെയും ഞാനെന്നിലേക്കു ചേർത്തു കെട്ടുകയാണെന്നും, ഉള്ളിന്റെയുള്ളിലൊരു പേറ്റുനോവറിഞ്ഞ് ഞാനവർക്കു കൂട്ടമ്മയാവുകയാണെന്നും എനിക്കു ബോധോദയമുണ്ടായി. ഓരോ കുഞ്ഞാവയുടെയും വാവുകളെയോർത്തു വേവലാതിപ്പെടുമ്പോഴെല്ലാം ഒരമ്മക്കും നല്ലോരു ഡോക്ടറാവാൻ കഴിയില്ലെന്നും അമ്മമാർക്കെല്ലാം അമ്മമാരാവാനേ കഴിയൂ എന്നും എനിക്കു തോന്നി. രോഗികളെ രോഗികളായി കാണണമെന്നും വ്യക്തിജീവിതത്തിലേക്ക് വിളിച്ചുകേറ്റരുതെന്നും പറഞ്ഞുകേട്ട ഉപദേശങ്ങളത്രയും മറന്ന് ഇടയ്ക്കൊക്കെ ഞാൻ ഒറ്റയ്ക്ക് പോയിരുന്നുകരഞ്ഞു. എനിക്കു പീഡിയാട്രീഷ്യനാവണ്ട. പീഡിയാട്രിക്സിലൊരിക്കലും പേഷ്യന്റ്സുണ്ടാവണ്ട. ലോകത്തിലൊരു വാവക്കും വാവു വരണ്ട.

പുസ്തകം: അശരണരുടെ സുവിശേഷം, ഫ്രാൻസിസ് നൊറോണ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

V J Thomas 2 years ago
Stories

ആമകൾ പറക്കുന്ന കാലം - വി. ജെ. തോമസ്

More
More
Stories

ഛായാപടം - അവധൂതന്റെ മൊഴികള്‍ - ഷാനവാസ് കൊനാരത്ത്

More
More
Gafoor Arakal 3 years ago
Stories

ദാഹം (ആയിരത്തൊന്നു രാവുകള്‍) - പുനരാഖ്യാനം - ഗഫൂര്‍ അറയ്ക്കല്‍

More
More
V J Thomas 3 years ago
Stories

ആൺവൃക്ഷത്തോടവൾക്കു പറയാനുള്ളത് - വി.ജെ. തോമസ്

More
More
V J Thomas 3 years ago
Stories

വിത്തുകുത്തി തിന്നുന്നവർ - വി ജെ തോമസ്‌

More
More
Nadeem Noushad 3 years ago
Stories

മഞ്ഞക്കാലുള്ള മനുഷ്യന്‍ - സുധീര്‍ തപ്ലിയൽ - പരിഭാഷ: നദീം നൗഷാദ്

More
More