'നിങ്ങള്‍ അനുകൂലിച്ച പദ്ധതി ഏതുണ്ട്' ? മറുപടിയുമായി ഡോ ആസാദ്

കെ റെയിലിനെ എതിര്‍ക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്കാണ് ഇരയാകുന്നത്. എം എന്‍ കാരശേരി. സി ആര്‍ നീലകണ്ഠന്‍, ജെ ദേവിക, ഡോ. ആസാദ് തുടങ്ങി സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകരും വിമര്‍ശകരുമാണ് അതില്‍ ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുന്നത്. ഏത് വികസന പദ്ധതികള്‍ വന്നാലും എതിര്‍ക്കുന്നവരാണ് നിങ്ങളെന്നും നിങ്ങള്‍ അനുകൂലിച്ച പദ്ധതി ഏതുണ്ട് എന്നും നിരന്തരം അവരോട് ചോദിക്കുന്നവരും ആശയസംവാദത്തിന് മുതിരുന്നവരും വിരളമല്ല. ഈ സാഹചര്യത്തില്‍ വികസനവുമായി ബന്ധപ്പെട്ട ഇടതുപക്ഷ കാഴ്ച്ചപ്പാട് വിശദീകരിക്കുകയാണ് ഡോ. ആസാദ്. കേരളത്തിനു പുറത്ത് സി പി എമ്മും കേരളത്തില്‍ സമരരംഗത്തുള്ളവരും വാസ്തവത്തില്‍ ഒരു വികസനത്തിനും എതിരല്ലെന്നും  കൂടുതല്‍ സൗകര്യങ്ങളിലേക്കു വളരേണ്ട സാധാരണ മനുഷ്യരെ ഇരകളാക്കി പുറംതള്ളുംവിധമല്ല വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും ആസാദ് വിശദീകരിക്കുന്നു. 

ഡോ. ആസാദിന്‍റെ കുറിപ്പ്

ജനകീയ സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിലരോടൊക്കെ സി പി എം അനുകൂലികളെന്നു നടിക്കുന്ന ഒരു കൂട്ടം സൈബര്‍ കടന്നലുകള്‍ (അവര്‍ തന്നെ അണിയുന്ന വിശേഷണമാണ്) ഉയര്‍ത്തുന്ന ചോദ്യമുണ്ട്. നിങ്ങള്‍ അനുകൂലിച്ച  പദ്ധതി ഏതുണ്ട്?

വാസ്തവത്തില്‍ ഈ ചോദ്യം ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ളത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കാണ്. കേരളത്തിനു പുറത്ത് ഇപ്പോഴും അതു തുടരുകയുമാണ്. സമൂഹത്തില്‍ ഉയരുന്ന അസ്വാസ്ഥ്യങ്ങള്‍ വര്‍ഗാധികാര ഘടനയുടെ പ്രശ്നമായി തിരിച്ചറിയുന്നവരാണ് അവര്‍. വര്‍ഗസമരങ്ങളുടെ സൂക്ഷ്മാനുഭവമാണത്. വികസന പദ്ധതി ആവിഷ്കരിക്കുമ്പോഴും നടപ്പാക്കുമ്പോഴും അടിത്തട്ടു സമൂഹത്തെ പുറംതള്ളുംവിധമാവരുതെന്ന് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് നിര്‍ബന്ധമുണ്ട്.

നോയ്ഡ എക്സ്പ്രസ് പാതയില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കര്‍ഷകരുടെ സമരത്തെ പിന്തുണയ്ക്കാനും രാജസ്ഥാനില്‍ ടോള്‍ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും തമിഴ്നാട്ടില്‍ ഗെയ്ല്‍ പൈപ്പ്ലൈനിനെതിരെ പ്രക്ഷോഭം നടത്താനും മുംബെ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ വികസനത്തെ തടയാനും സി പി എം മുന്നിലുണ്ട്. അവിടെയൊക്കെ അവര്‍ നേരിടുന്ന ചോദ്യം, നിങ്ങള്‍ ഏതു വികസന പദ്ധതിയെ പിന്തുണച്ചിട്ടുണ്ട് എന്നതാണ്. അവിടെയൊക്കെ ഭരണകൂടം സംസാരിക്കുന്ന ഭാഷയാണ് ഇപ്പോള്‍ കേരളത്തിലെ സി പി എമ്മിന്റേത്.

കേരളത്തിനു പുറത്ത് സി പി എമ്മും കേരളത്തില്‍ സമരരംഗത്തുള്ളവരും വാസ്തവത്തില്‍ ഒരു വികസനത്തിനും എതിരല്ല. ഒരു പദ്ധതിയും വേണ്ടെന്നുമല്ല പറയുന്നത്. പല പദ്ധതികളുടെയും ആസൂത്രണം പാളുന്നു. കൂടുതല്‍ സൗകര്യങ്ങളിലേക്കു വളരേണ്ട സാധാരണ മനുഷ്യരെ ഇരകളാക്കി പുറംതള്ളുംവിധമല്ല വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്. അമരാവതിയില്‍ സമരം ചെയ്യുമ്പോള്‍ എ കെ ജി ഇടുക്കി പദ്ധതിക്കു തടസ്സം നില്‍ക്കുകയായിരുന്നില്ല. പുറംതള്ളപ്പെടുന്ന മനുഷ്യരെ പരിഗണിച്ചുവേണം വികസനമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ജനങ്ങള്‍ക്കും പ്രകൃതിക്കും ഹാനികരമാകുന്ന വിധം അടിച്ചേല്‍പ്പിക്കുന്ന വികസന സമ്പ്രദായത്തെയാണ് ഓരോ സമരവും എതിര്‍ക്കുന്നത്. കൂടുതല്‍ മെച്ചപ്പെട്ട സാദ്ധ്യതകള്‍ കണ്ടെത്താന്‍ ചര്‍ച്ചകളും അന്വേഷണങ്ങളും വേണം. കോര്‍പറേറ്റ് മൂലധന താല്‍പ്പര്യങ്ങളെ വികസനമായി അടിച്ചേല്‍പ്പിക്കുമ്പോഴാണ് പ്രതിഷേധങ്ങളുയരുന്നത്. കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ജനബോദ്ധ്യവും ഉള്ള വഴികള്‍ തേടണം. ദേശീയപാതാ വികസനത്തെയല്ല ദേശീയപാതാ സ്വകാര്യവത്ക്കരണത്തെയാണ് എതിര്‍ക്കുന്നത്. അതിവേഗ പാതയെയല്ല ഏറ്റവും ആഘാതം കുറഞ്ഞ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താത്ത കോര്‍പറേറ്റ് ആര്‍ത്തിയെയാണ് എതിര്‍ക്കുന്നത്.

വാസ്തവത്തില്‍ ആരാണ് വികസന വിരുദ്ധര്‍? ഗാന്ധിജി പറഞ്ഞതുപോലെയും ഇടതുപക്ഷം ആവശ്യപ്പെട്ടുപോന്നതു പോലെയും ഏറ്റവും അടിത്തട്ടു സമൂഹങ്ങളെ മുന്നോട്ടു കൊണ്ടുവരലാണ് അടിസ്ഥാന വികസനമെങ്കില്‍ ഭരണകൂടം അതല്ല ചെയ്യുന്നത്. ആദിവാസികള്‍ക്ക് നിയമംമൂലം അനുവദിച്ചു കിട്ടിയ അവകാശങ്ങള്‍പോലും ലഭ്യമല്ല. ദളിതര്‍ ഭൂമിയുടെ അവകാശികളാവുകയോ കോളനികളില്‍നിന്ന് മോചിപ്പിക്കപ്പെടുകയോ ചെയ്തില്ല. തൊഴില്‍ സുരക്ഷയില്‍നിന്നും തൊഴിലവകാശങ്ങളില്‍നിന്നും പറിച്ചെറിയപ്പെടുന്നവരുടെ എണ്ണം പെരുകുന്നു. ജീവിതത്തിന്റെ സുരക്ഷയും ഭദ്രതയും വളര്‍ച്ചയും ഉറപ്പാക്കലാണ് അടിസ്ഥാന വികസനം എന്ന ധാരണ കോര്‍പറേറ്റ് മുതലാളിത്തത്തിന് അടിയറ വെച്ചിരിക്കുന്നു. ഭൂമിയിലും പൊതുവിഭവങ്ങളിലും തൊഴിലിലും അവകാശം ലഭിക്കാന്‍ നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നവരാണ് വാസ്തവത്തില്‍ വികസനവിരുദ്ധര്‍.

മുതലാളിത്ത കടന്നുകയറ്റത്തിന് ചെമ്പരവതാനി വിരിച്ചു കൊടുക്കുകയും സഹജീവികളെ മുതലാളിത്ത ദൈവങ്ങള്‍ക്ക് ബലി കൊടുക്കുകയും ചെയ്യുന്ന പുത്തന്‍കൂറ്റ് വിപ്ലവ വികസന തീവ്രവാദികളുടെ അധികാരത്തിമര്‍പ്പാണ് നാം കാണുന്നത്. അത് ചോദ്യം ചെയ്യുന്നവരെ അവരെങ്ങനെ സഹിക്കാനാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 18 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More