ഡല്‍ഹി: ''സൈന്യത്തെ എത്ര വേണമെങ്കിലും അയച്ചോളൂ പക്ഷേ ജമ്മുകാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണമെങ്കില്‍ ജനങ്ങളുടെ ഹൃദയം കീഴടക്കിയേ പറ്റൂ'' മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടേതാണ് വാക്കുകള്‍. ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം യുദ്ധത്തിലൂടെ സാധ്യമല്ല. നാം നമ്മുടെ അയല്‍ക്കാരോട് സംസാരിക്കണം. സമാധാനത്തോടെ ജീവിക്കണമെന്ന കാര്യം അവര്‍ക്കും ബോധ്യപ്പെടണം- മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു.
''ഞങ്ങള്‍ ഇന്ത്യന്‍ മുസ്ലീങ്ങളാണ്. അല്ലാതെ ചൈനീസ് മുസ്ലീങ്ങളോ റഷ്യന്‍ മുസ്ലീങ്ങളോ അല്ല. ഞങ്ങളെ നിങ്ങള്‍ വിശ്വസിക്കൂ''- ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നയത്തെ മുന്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തിയും വിമര്‍ശിച്ചു. ഫാറൂഖ് അബ്ദുള്ളക്കെതിരായ ഇ ഡി നടപടി ജമ്മുകാശ്മീരിലെ പ്രതിപക്ഷ സഖ്യമായ ഗൂപ്കാര്‍ മുന്നണിയെ ബിജെപി ഭയപ്പെടുന്നതിന്റെ സൂചനയാണ് എന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനു (ജെ കെ സി എ) മായി ബന്ധപ്പെട്ട് നടന്ന അഴിമതി കേസില്‍ ഫാറൂഖ് അബ്ദുള്ളക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. നാളെ ഡല്‍ഹിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് ഫാറൂഖ് അബ്ദുള്ളയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഏകദേശം 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ കണ്ടുകെട്ടിയതിന് പിന്നാലെയാണ് ഇ ഡി സമന്‍സ് അയച്ചിരിക്കുന്നത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.