കോഴിക്കോട്: തിക്കോടിയില്‍ പ്രകടനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെ പയ്യോളി പൊലീസാണ് കേസെടുത്തത്. ക്രമസമാധാനം തകര്‍ക്കുക, കലാപത്തിന് ആഹ്വാനം ചെയ്യുക, അന്യായമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജീവന് മാസ്റ്ററുടെ പരാതിയിലാണ് നടപടി.
തിക്കോടി പഞ്ചായത്തില്‍നിന്ന് പെരുമാള്‍പുരത്തേക്ക് സിപിഎം മാര്‍ച്ച് നടന്നുനീങ്ങുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യങ്ങളുയര്‍ന്നത്. 'ഓര്‍മ്മയില്ലെ ശുഹൈബിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ചത്തുമലര്‍ന്നത് ഓര്‍മ്മയില്ലേ... പ്രസ്ഥാനത്തിനു നേരേ വന്നാല്‍ ഏത് പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തിക്കീറും പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല' - എന്നാണ് സിപിഎം പ്രകടനത്തിലുടനീളം വിളിച്ച മുദ്രാവാക്യങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊലവിളി മുദ്രാവാക്യത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ സമാന രീതിയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചതായി പരക്കെ ആക്ഷേപമുണ്ട്. എന്നാല്‍ ഇത്തരം കേസുകളില്‍ ഉടനടിയുളള പൊലീസ് ഇടപെടലുണ്ടാവുന്നില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.