പുനലൂര്‍: ചികിത്സയിലായിരുന്ന അച്ചനെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് വരുംവഴിയാണ് ലോക്ക് ഡൌണ്‍ പശ്ചാത്തലം പറഞ്ഞ് പൊലിസ് ഓട്ടോ തടഞ്ഞത്. പിന്നെയൊന്നും നോക്കിയില്ല. ഓട്ടോ ഡ്രൈവര്‍ കൂടിയായ മകന് അവശനും വൃദ്ധനുമായ അച്ഛനെയും കൊണ്ട് പൊരിവെയിലില്‍ റോട്ടിലൂടെ കാല് കിലോമീറ്റര്‍ അകലെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ലക്ഷ്യമാക്കി നടന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
സത്യവാങ്ങ്മൂലം മൂലം കാണിച്ചു പറഞ്ഞിട്ടും പോലീസ് ഓട്ടോ കടത്തിവിടാതിരുന്നതിനാലാണ് കുളത്തുപ്പുഴ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സിലോണ്‍ മുക്കില്‍ റോയ്മോന് ഈ പ്രയാസം നേരിട്ടത്. പോലീസിന്റെ നിഷേധാത്മക സമീപനം കൊണ്ടുമാത്രമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട 88 കാരനായ അച്ഛന് ജോര്‍ജ്ജിനെ മകന് ചുമലിലെടുക്കേണ്ടി വന്നത് എന്ന ആരോപണം ശക്തമാണ്.
എന്നാല്‍ ഓട്ടോ തടഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വാദം. നഗരത്തില്‍ ട്രാഫിക് തടസ്സം ഒഴിവാക്കാന്‍ പരിശോദിച്ചു വിടുക മാത്രമാണ് ചെയ്തത് എന്നാണ് പോലിസ് നല്കുന്ന വിശദീകരണം. സംഭവത്തെ കുറിച്ചന്വേഷിക്കുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.