കൊച്ചി: സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടന്‍ കാര്‍ത്തി. തന്റെ സഹോദരന് ഏത് കഥാപാത്രമായി മാറാനും സാധിക്കുമെന്നും അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതലേ സൂര്യയെ നായകനാക്കി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും കാര്‍ത്തി പറഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന സര്‍ദാര്‍ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംവിധാന മോഹത്തെക്കുറിച്ച് നടന്‍ തുറന്നുപറഞ്ഞത്.
'എന്നെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ചേട്ടനാണ്. അദ്ദേഹമല്ലാതെ മറ്റാരാണ് എന്നെ വിശ്വസിക്കുക. ചേട്ടനോടൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അദ്ദേഹത്തിന് അനായാസം ഏത് കഥാപാത്രമായി മാറാനും സാധിക്കും. കഥാപാത്രത്തിനായി ഏതറ്റംവരെയും പോകുന്നയാളാണ് സൂര്യ. എന്നെ നന്നായി മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അതുകൊണ്ടുതന്നെ ഒപ്പം ജോലി ചെയ്യുന്നത് നല്ല അനുഭവമായിരിക്കും. അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത കാലം മുതല്‍ സൂര്യക്കൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ലൊരു ആശയം ലഭിച്ചിട്ടുണ്ട്. നിലവില്‍ കൃത്യമായ പദ്ധതി മനസിലില്ല. പക്ഷേ അടുത്തുതന്നെ ചിത്രം സംവിധാനം ചെയ്യും'-കാര്‍ത്തി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന്‍ സംവിധാനം ചെയ്യുന്ന സര്‍ദാര്‍ ഒക്ടോബര്‍ ഇരുപത്തിയൊന്നിന് തിയറ്ററുകളിലെത്തും. കാര്‍ത്തിയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ മുതല്‍മുടക്കുളള ചിത്രമാണ് സര്‍ദാര്‍. ഇന്‍സ്‌പെക്ടര്‍ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി സിനിമയില്‍ അവതരിപ്പിക്കുന്നത്. രജിഷ വിജയന്‍, റാഷി ഖന്ന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജി വി പ്രകാശ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോര്‍ജ്ജ് സി വില്യംസാണ് നിര്‍വഹിക്കുന്നത്.