തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിളളിക്കെതിരെ കെ പി സി സി അച്ചടക്ക നടപടി. എം എല്‍ എയെ കെ പി സി സി, ഡി സി സി അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെന്ഷന്. എല്‍ദോസ് കുന്നപ്പിളളി നല്കിയ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധിയെന്ന നിലയില്‍ എം എല്‍ എ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും കെ പി സി സി പറഞ്ഞു. അടുത്ത ആറുമാസത്തേക്ക് ഡി സി സിയുടെയും കെ പി സി സിയുടെയും പ്രവര്‍ത്തനങ്ങളില്‍നിന്ന് എല്‍ദോസിനെ മാറ്റിനിര്‍ത്തും. തുടര്‍നടപടികള്‍ കോടതി വിധിക്കുശേഷമുണ്ടാകുമെന്നും കെ പി സി സി അറിയിച്ചു.
ദുഖമുണ്ടെങ്കിലും പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്നാണ് സസ്പെന്‍ഷനില്‍ എല്‍ദോസ് കുന്നപ്പിളളി പ്രതികരിച്ചത്. 'ഞാന്‍ അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടി നടപടിയില്‍ ദുഖമുണ്ടെങ്കിലും പൂര്‍ണമായും അംഗീകരിക്കുന്നു. ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. നിരപരാധിത്വം പാര്‍ട്ടിയിലും പൊതുസമൂഹത്തിലും തെളിയിക്കും. കുറ്റമറ്റ രീതിയില്‍ സംഘടനാ പ്രവര്‍ത്തനം കൊണ്ടുപോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആരോപണമുണ്ടാകുമ്പോള്‍ പ്രവര്‍ത്തകരെ മാറ്റനിര്‍ത്തി അന്തസും യശസും ഉയര്‍ത്തുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. ആ രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായുളള നടപടി അംഗീകരിക്കുന്നു'-എല്‍ദോസ് കുന്നപ്പളളി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബലാത്സംഗക്കേസില്‍ ഇന്നലെ ഒന്‍പത് മണിക്കൂറോളമാണ് അന്വേഷണസംഘം എല്‍ദോസിനെ ചോദ്യംചെയ്തത്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകുന്നേരം ആറര വരെ നീണ്ടു. എംഎല്‍എ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മൊബൈല്‍ ഫോണടക്കം ഹാജരാക്കണമെന്ന കോടതിയുടെ നിര്‍ദേശം അദ്ദേഹം പാലിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച്ച അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യും.