പെണ്‍മനസും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങളെക്കുറിച്ചാണ് സ്വപ്‌നാ സുരേഷ് എഴുതുന്നത്- ഡോ. ആസാദ്‌

സ്വപ്‌നാ സുരേഷിന്റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' പെണ്‍മനസും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് ഡോ. ആസാദ്. ആശങ്കകളോടെ കയ്യിലെടുത്ത പുസ്തകം വായിച്ചുതീര്‍ന്നതിനുശേഷമേ താഴെ വയ്ക്കാന്‍ സാധിച്ചുളളു എന്നും വാര്‍ത്തകളും ചിത്രങ്ങളും നമ്മോടുപറയുന്ന കഥയില്‍നിന്ന് വളരെ ഉളളിലേക്കാണ് സ്വപ്‌ന നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതെന്നും ആസാദ് പറഞ്ഞു. 'ക്ഷോഭപ്പെരുപ്പമില്ല. സങ്കടക്കടലില്ല. ഉടല്‍പ്പെരുക്കങ്ങളില്ല. ഉത്സാഹമോ ഉന്മാദമോ നിരാശയോ അതിവൈകാരികതയുടെ തരള സ്പര്‍ശമോ ഇല്ല. അത്ര സാധാരണമല്ലാത്ത പെണ്ണെഴുത്താണ് തെളിഞ്ഞുവരുന്നത്. അവര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടേക്കാം, വിട്ടയക്കപ്പെട്ടേക്കാം. പക്ഷേ മലയാളത്തിലെ അനുഭവാഖ്യാനങ്ങളില്‍ ഈ പുസ്തകം അടയാളപ്പെട്ടുകിടക്കും'-ഡോ. ആസാദ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഡോ. ആസാദിന്റെ കുറിപ്പ്

പുസ്തകം വാങ്ങിയിട്ട് നാളുകളായി. അതു കയ്യിലെടുത്തപ്പോഴൊന്നും വായിക്കാന്‍ തോന്നിയില്ല. പുറംചട്ടയുടെ പൊലിമ തെറ്റിദ്ധരിപ്പിക്കുന്നതായി. കോടതിയില്‍ ക്രിമിനല്‍ കേസു നടക്കെ പ്രതിക്കു പറയാനുള്ള ജീവിതം സാധൂകരണത്തിന്റെ യുക്തിയില്‍ പടുത്തതാകുമെന്ന മുന്‍വിധി എന്നെ നിയന്ത്രിച്ചിരുന്നു. പുറംചട്ടയുടെ ബഹളം അതുറപ്പിക്കാന്‍ ഇടയാക്കി.

ഇന്നലെ ഉള്ളടക്കത്തിലൂടെ ഒന്നു കടന്നു പോയതാണ്. അതു വായിക്കാനുള്ള പ്രേരണയായി. ആശങ്കകളോടെ കയ്യിലെടുത്ത പുസ്തകം വായിച്ചു തീര്‍ന്നേ താഴെ വെക്കാന്‍ കഴിഞ്ഞുള്ളു.  സ്വപ്ന സുരേഷിന്റെ ചതിയുടെ പത്മവ്യൂഹമെന്ന ആത്മകഥയെപ്പറ്റിയാണ് പറയുന്നത്.

വാര്‍ത്തകളും ചിത്രങ്ങളും നമ്മോടു പറയുന്ന കഥയില്‍നിന്ന് വളരെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് സ്വപ്ന. പെണ്‍ജീവിതത്തിന്റെ അകപ്പാളികളിലേക്ക്. കുട്ടിക്കാലം മുതല്‍ അനുഭവിച്ച കാരണമറിയാത്ത വിവേചനത്തിന്റെയും പീഡനത്തിന്റെയും മുറിപ്പാടുകളിലേക്ക്. സാഹസികമായ, പരാജയത്തില്‍ മാത്രമവസാനിച്ച അതിജീവന പിടച്ചിലുകളിലേക്ക്. 

പഠിക്കുമ്പോള്‍ സ്കൂള്‍ ക്ലാസുകളില്‍ ഒന്നാം റാങ്കുള്ള മിടുക്കി. പക്ഷേ, കുട്ടിക്കാലത്തിന്റെ ക്ഷതവും ഭാരവും സ്കൂള്‍വിട്ട് ഓടുന്നതില്‍ എത്തിച്ചു. ചേര്‍ന്നും തെറിച്ചും പിന്നെയും കൂടിയും  കുടുംബത്തോടൊപ്പം ഉണങ്ങിയും തെഴുത്തുമുള്ള ജീവിതം. ഒരിക്കലും അവര്‍ നേര്‍രേഖയിലോ കോപ്പി വരകള്‍ക്കിടയിലോ വളര്‍ന്നില്ല. അനുഭവങ്ങളുടെ യാദൃച്ഛികത അവര്‍ക്കുതന്നെ പിടികിട്ടാത്തവിധമായി.

വിവാഹവും ദാമ്പത്യവും പീഡനകാലത്തെ നീട്ടി. ആദ്യരാത്രിതന്നെ അരക്ഷിതത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട ചിത്രമുണ്ട് പുസ്തകത്തില്‍. പാര്‍ക്കാനിടമില്ലാതെപോയ, കാക്കാന്‍ വിശ്വാസത്തിന്റെ കൈകളില്ലാതെപോയ പെണ്‍ജീവിതമാണത്. കനത്ത സ്ത്രീധനം നല്‍കിയിട്ടും ആദ്യരാത്രിതന്നെ അടിയേല്‍ക്കേണ്ടിവന്നു. ഒരു സാധാരണ ജീവിതം മാത്രം ആഗ്രഹിച്ച പെണ്‍കുട്ടി പിന്നീട് മകളെ  (ഭര്‍ത്താവിനെയും) പുലര്‍ത്താന്‍ നടത്തിയ അലച്ചിലുകളാണ് സ്വപ്നയുടെ ജീവിതം.

യു എ ഇയിലെ ഒരു പാലസിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലായിരുന്നു ബാല്യം. അച്ഛന്‍ രാജകുടുംബാംഗമായ അറബിയുടെ പി എ. പണവും അധികാരവുമുള്ള അന്തരീക്ഷം. എന്നിട്ടും സ്വന്തം ജീവിതം സ്വയം കണ്ടെത്തേണ്ടിവന്നു. വീടുവിട്ട് പലവട്ടം ഇറങ്ങേണ്ടിവന്നു. പലതിനോടും പൊരുതേണ്ടിവന്നു. ഓരോ തവണയും സഹായമായി പ്രത്യക്ഷപ്പെട്ടവരെ അന്ധമായി വിശ്വസിച്ചു. അവരൊക്കെ വഞ്ചിച്ചു വഴിയില്‍ തള്ളി. കുടുംബത്തിനകത്തും പുറത്തും പൊരുതിത്തോറ്റ കഥയാണത്. പെണ്ണനുഭവങ്ങളുടെ വേറിട്ട ആഖ്യാനം.

പതിമൂന്ന് അദ്ധ്യായങ്ങളാണുള്ളത്. ഓരോന്നും സംഘര്‍ഷനിര്‍ഭരം. അനുഭവ സമ്പന്നം. പെണ്‍മനസ്സും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങള്‍. അധികാരമാളികയില്‍ അഗതിയായി ആരംഭിച്ച ബാല്യം മുതല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ആരുടെയോ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച യൗവ്വനകാലം വരെയുള്ള കഥയാണത്. അതില്‍ ചാടിക്കടന്ന കനല്‍ച്ചിറകളുടെ ചൂടെരിയുന്നുണ്ട്.

മികച്ച ആഖ്യാനം. ക്ഷോഭപ്പെരുപ്പമില്ല. സങ്കടക്കടലില്ല. ഉടല്‍പ്പെരുക്കങ്ങളില്ല.  ഉത്സാഹമോ ഉന്മാദമോ നിരാശയോ ഇല്ല. അതിവൈകാരികതയുടെ തരള സ്പര്‍ശമില്ല. തെളിഞ്ഞുവരുന്നത് അത്ര സാധാരണമല്ലാത്ത പെണ്ണെഴുത്ത്.

സ്വപ്ന സുരേഷിന്റെ പേരിലുള്ള നിയമ നടപടികളും അതുസംബന്ധിച്ച വാര്‍ത്തകളും കുറെകാലംകൂടി നീണ്ടേയ്ക്കും. അവര്‍ ശിക്ഷിക്കപ്പെടാം. അല്ലെങ്കില്‍ വിട്ടയക്കപ്പെടാം. ഈ പുസ്തകം പക്ഷേ, മലയാളത്തിലെ അനുഭവാഖ്യാനങ്ങളില്‍ അടയാളപ്പെട്ടു കിടക്കും. അലസമായി ചാടിക്കടക്കുക പ്രയാസമാവും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More
Web Desk 5 hours ago
Social Post

ഭർത്താവിനെ കാലുകൊണ്ട് തീറ്റിക്കുന്ന 'തരു' സ്ത്രീകള്‍

More
More
Web Desk 7 hours ago
Social Post

'മുസ്ലീങ്ങള്‍ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികള്‍'; മന്‍മോഹന്‍ സിംഗ് പറഞ്ഞതും മോദി വളച്ചൊടിച്ചതും

More
More
Web Desk 8 hours ago
Social Post

സ്ത്രീവിരുദ്ധമായ പിങ്ക് ടാക്സ്

More
More
Web Desk 2 days ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 4 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More