കൊച്ചി: 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടന് രാജേഷ് മാധവന് സംവിധാനത്തിലേക്ക്. എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഈ മാസം 22-ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയായ രാജേഷ് വളരെ നാളായി അഭിനയരംഗത്തുണ്ടെങ്കിലും ന്നാ താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന് ചിത്രത്തിലെ സുരേഷേട്ടന് എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2016-ല്‍ പുറത്തിറങ്ങിയ ദിലീഷ് പോത്തന്- ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് രാജേഷ് സിനിമയിലെത്തുന്നത്. ദിലീഷ് പോത്തനോട് കഥ പറയാന്‍ പോയപ്പോള്‍ ലഭിച്ച റോളാണ് മഹേഷിന്റെ പ്രതികാരത്തിലേത് എന്ന് രാജേഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ദിലീഷ് പോത്തന്റെ തന്നെ തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ് നേടിയ ചിത്രം തിങ്കളാഴ്ച്ച നിശ്ചയത്തിന്റെയും ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. തിങ്കളാഴ്ച്ച നിശ്ചയത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും രാജേഷ് മാധവനായിരുന്നു.