മംഗളുരു: ന്യൂഇയര്‍ പാര്‍ട്ടികള്‍ നിരോധിക്കണമെന്ന് ബജ്റംഗ് ദള്‍. മംഗളുരുവില്‍ പുരുവത്സരാഘോഷങ്ങളും പാര്‍ട്ടികളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പൊലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്കി. മുസ്ലീം പുരുഷന്മാര് ബാറുകളും പബുകളും ലൗ ജിഹാദിനുവേണ്ടി ഉപയോഗിക്കും. അതിനാല്‍, പുതുവര്‍ഷ ദിനത്തില്‍ നിശ്ചിത സമയത്തിനുളളില്‍ എല്ലാ ബാറുകളും പബുകളും അടച്ചിടണമെന്നാണ് ബജ്റംഗ്ദള്‍ കമ്മീഷണര്‍ക്ക് നല്കിയ നിവേദനത്തില്‍ പറയുന്നത്. മുസ്ലീം പുരുഷന്മാരെ പബ്ബുകളിലും ഹോട്ടലുകളിലും പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബജ്റംഗ് ദള്‍ പബ് ഉടമകള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും കത്തയച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഇസ്ലാമില്‍ മദ്യവും സംഗീതവും നിരോധിച്ചിരിക്കുന്നതിനാല്‍ പുതുവര്‍ഷത്തലേന്ന് അവരെ ഹോട്ടലുകളിലും പബുകളിലുമൊന്നും പ്രവേശിപ്പിക്കരുത്. മംഗളുരുവിലെ പബുകളും ഹോട്ടലുകളും കാരണം ലൗ ജിഹാദും ഡ്രസ് ജിഹാദുമെല്ലാം വര്‍ധിക്കുകയാണ്. ഇത്തരം സ്ഥലങ്ങള്‍ യുവാക്കളെ ദുഷ്പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കും'- ബജ്റംഗ് ദള്‍ നേതാവ് പുനീത് അത്താവാര്‍ പറഞ്ഞു.
മുസ്ലീങ്ങള്‍ക്ക് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന് മതപരമായ വിലക്കുണ്ടെങ്കിലും മംഗളുരുവിലെ എല്ലാ പബുകളിലും അവരെ കാണാന്‍ കഴിയുമെന്നും അതുകൊണ്ടാണ് പുതുവത്സരത്തലേന്ന് അവരെ പബുകളില്‍ പ്രവേശിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും പുനീത് കൂട്ടിച്ചേര്‍ത്തു.