ഹൈദരാബാദ്: പഴയകാല തെലുങ്ക് സൂപ്പര്‍ താരങ്ങളായ അക്കിനേനി നാഗേശ്വര റാവുവിനെയും എസ് വി രംഗറാവുവിനെയും ആക്ഷേപിച്ചുളള നടന്‍ നന്ദമുറി ബാലകൃഷ്ണയുടെ പരാമര്‍ശത്തിനെതിരെ നടന്മാരായ നാഗചൈതന്യയും അഖില്‍ അക്കിനേനിയും. അക്കിനേനി നാഗേശ്വര റാവുവിന്റെയും എസ് വി രംഗറാവുവിന്റെയും സര്‍ഗാത്മക സംഭാവനകള്‍ തെലുങ്ക് സിനിമയുടെ അഭിമാനമാണ്. അവര്‍ തെലുങ്ക് സിനിമയുടെ നെടുംതൂണുകളുമാണ്. അവരോട് അനാദരവ് കാണിക്കുന്നത് സ്വയം അപകീര്‍ത്തിപ്പെടുത്തുന്നതുപോലെയാണ്'-എന്നാണ് ഇരുവരും ട്വീറ്റ് ചെയ്തത്. അക്കിനേനി നാഗേശ്വര റാവുവിന്റെ പേരക്കുട്ടികളാണ് ഇരുവരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തന്റെ ഏറ്റവും പുതിയ ചിത്രമായ വീരസിംഹറെഡ്ഡിയുടെ വിജയാഘോഷത്തില്‍ സംസാരിക്കവേയാണ് നന്ദമുറി ബാലകൃഷ്ണ മുതിര്‍ന്ന തെലുങ്ക് നടന്മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. തന്റെ പിതാവ് എന്‍ ടി രാമറാവുവിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. 'എന്റെ അച്ഛന്‍ എന്‍ടിആറിന് ചില സമകാലീനര്‍ ഉണ്ടായിരുന്നു. രംഗറാവു, അക്കിനേനി തൊക്കിനേനി അങ്ങനെ ചിലര്‍' എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്.
ബാലകൃഷ്ണയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. പക്വത എന്താണെന്ന് നാഗചൈതന്യയില്‍നിന്നും അഖില്‍ അക്കിനേനിയില്‍ നിന്നും നന്ദമുറി പഠിക്കണമെന്നാണ് ചില കമന്റുകള്‍. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും തെലുങ്ക് സിനിമാ ചരിത്രം ബാലകൃഷ്ണ മനസിലാക്കണമെന്നും പറഞ്ഞവരുമുണ്ട്.