ഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ. ഒരുപാട് കഴിവുള്ള താരമാണ് സഞ്ജു. അദ്ദേഹത്തെ പുറത്തുനിര്‍ത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. കഴിവുള്ളവരെ ബി സി സി ഐ എന്തിനാണ് മാറ്റി നിര്‍ത്തുന്നതെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നും ഉത്തപ്പ പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് താനും വിശ്വസിക്കുന്നതെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
'സഞ്ജുവിന്റെ മികച്ച പ്രകടനം കാണാന്‍ ഇരിക്കുന്നതെയുള്ളുവെന്നാണ് താന്‍ കരുതുന്നത്. അവനെ മൂന്നാം നമ്പര്‍ ആയിട്ടാണ് കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തുടര്‍ച്ചയായി അഞ്ച് അവസരങ്ങളെങ്കിലും നല്‍കുക. ഇനി അഞ്ചാമതായിട്ടാണ് കളിപ്പിക്കുന്നതെങ്കിലും അവന് അവസരം നല്‍കൂ. സഞ്ജു എങ്ങനെ കളിക്കുന്നുവെന്ന് നമുക്ക് നോക്കാം. സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് സ്ഥിരത പുലര്ത്താനാവുന്നില്ലെന്ന വിമര്‍ശനം ഉന്നയിക്കാമെന്നും' ഉത്തപ്പ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ പരിക്കുപറ്റി ടീമില്‍ നിന്നും പുറത്തായ സഞ്ജു സാംസണ് ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചു. മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. റിഷഭ് പന്ത് ചികിത്സയിലായതിനാല്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിന് മുമ്പ് സഞ്ജു സാംസണുള്ള അവസാന അവസരമാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര. ഈ സമയത്താണ് സഞ്ജുവിന് പിന്തുണയറിച്ച് റോബിന് ഉത്തപ്പ രംഗത്തെത്തിയിരിക്കുന്നത്.