ഇനി ഫോട്ടോകളും ഓണ്‍ലൈനില്‍ വാങ്ങാം -'ജുഗാഡ്‌ ഫോട്ടോ ബസാർ'- രാജ്യത്തെ ആദ്യ സംരംഭം

'ജുഗാഡ്‌ ഫോട്ടോ ബസാർ'

കല്‍പ്പറ്റ: ഫോട്ടോഗ്രഫി രംഗത്ത് അടിയുറച്ചു പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ സംഘടനയായ ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രഫി കോവിഡ ്കാലത്ത് ഓണ്‍ലൈന്‍ ഫോട്ടോ ബസാര്‍ തുടങ്ങുന്നു. രാജ്യത്തെ ഫോട്ടോഗ്രഫര്‍മാരുടെ സൃഷ്ടികള്‍ വാങ്ങാനും വില്ക്കാ‍നുമുള്ള ഒരു വേദി എന്നനിലയില്‍ ആരംഭിക്കുന്ന  'ജുഗാഡ്‌ ഫോട്ടോ ബസാർ' ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ ഓണ്‍ലൈന്‍ സംരംഭമാണ്. ഫോട്ടോഗ്രഫി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കലാ സൃഷ്ടികള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്‌ഷ്യം. അതോടൊപ്പം ജീവിതായോധനത്തിനുവേണ്ടി മറ്റു മേഖലകളിലേക്ക് പോകാന്‍ നിര്‍ബന്ധിതരായിത്തീരുന്ന സര്‍ഗ്ഗധനരായ ഫോട്ടോഗ്രഫര്‍മാരെ ആ മേഖലയില്‍ തന്നെ നിലനിര്ത്താനുമാണ് ലോകമാകെ രോഗപീഢകളാല്‍ ക്ലേശിക്കുന്ന ഈ സമയത്ത് ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി 'ജുഗാഡ്‌ ഫോട്ടോ ബസാർ'ആരംഭിക്കുന്നത് എന്ന് ട്രസ്റ്റിന്റെ മുഖ്യ സംഘാടകയായ തുളസി സ്വര്‍ണ്ണ ലക്ഷ്മി മുസിരിസ് പോസ്റ്റിനോട്‌ പറഞ്ഞു. രാജ്യത്തെ പ്രമുഖ  ഫോട്ടോഗ്രഫര്‍മാരില്‍ ഒരാളായ അബൂള്‍ കലാം ആസാദ് അധ്യക്ഷനായ ട്രസ്റ്റാണ് ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി. ട്രസ്റ്റ്‌ ഫോട്ടോഗ്രാഫര്‍മാരോട് നടത്തുന്ന അഭ്യര്‍ത്ഥനയും ക്ഷണവും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കാന്‍ സഹായിക്കുമെന്നതിനാല്‍ അതിന്‍റെ പൂര്‍ണ്ണ രൂപം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

പ്രിയപ്പെട്ട ഫോട്ടോഗ്രാഫർമാരെ,

കോവിഡ് മഹാമാരി ലോകത്തെയാകെ കീഴ്മേൽ മറിച്ചിരിക്കുകയാണെന്ന് നമുക്കെല്ലാമറിയാം. ഒരുപാടാളുകളെയും, അവരുടെ ജീവനോപാധികളെയും നേരിട്ടും അല്ലാതെയും അത് ബാധിച്ചിരിക്കുന്നു. കലാസാംസ്കാരിക മേഖലകളുടെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. പ്രത്യേകിച്ച്‌, ഗ്യാലറികളുടെ സഹായം ലഭിക്കാത്ത ഒരുപാട് ഫോട്ടോഗ്രാഫർമാരും, ഫോട്ടോ ആർട്ടിസ്റ്റുകളും നിലനിൽപ്പിനായി ബുദ്ധിമുട്ടുകയാണ്. മറ്റവസരങ്ങളിൽ പോലും ഈ കലാകാരന്മാർക്ക് വേണ്ടത്ര സഹായസഹകരണങ്ങൾ ലഭിക്കാറില്ല. അങ്ങനെയുള്ളപ്പോൾ, ഇത്ര വലിയ ഒരു പ്രതിസന്ധിയുടെ നടുവിൽ അവരുടെ സ്‌ഥിതി എന്താണെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരം സന്ദർഭങ്ങളെ നേരിടാൻ നമ്മൾ ഒരുമിച്ച് നിന്ന്‌ വേറിട്ടതും, നൂതനവുമായ മാർഗങ്ങൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.

'ആർട്ടിസ്റ്റ്സ്‌ പ്ലെഡ്ജ്'

ആർട്ടിസ്റ്റ്സ്‌ പ്ലെഡ് എന്ന പേരിൽ, കലാപ്രവർത്തകർക്ക് പരസ്പരം സഹായം സ്വീകരിക്കാനും, നൽകാനുമുള്ള ഒരു പദ്ധതി ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി (ഇ.ടി.പി.) ആവിഷ്കരിക്കുകയാണ്. താല്പര്യമുള്ള ഫോട്ടോഗ്രാഫർമാർക്ക് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനും, വിൽക്കാനുമുള്ള ഒരു ഓൺലൈൻ പോർട്ടൽ നമ്മൾ ആരംഭിച്ചിട്ടുണ്ട്. പരസ്പര സഹായം എന്ന നമ്മുടെ ലക്ഷ്യത്തെ മുൻനിറുത്തി, ഓരോ ഫോട്ടോഗ്രാഫറും തങ്ങളുടെ അഞ്ച് ഫോട്ടോകൾ വിൽക്കപ്പെടുമ്പോൾ മറ്റൊരു ഫോട്ടോഗ്രാഫറുടെ ഒരു ഫോട്ടോ വാങ്ങേണ്ടതായി വരും. ഇപ്പോളത്തെ സാഹചര്യവും, മറ്റു കാര്യങ്ങളും എല്ലാം വെച്ചു നോക്കുമ്പോൾ ഒരു ഫോട്ടോക്ക് അയ്യായിരം രൂപ വീതം (ജി.എസ്.ടി. പുറമെ) അഞ്ചു ഫോട്ടോകളുടെ ഓരോ സെറ്റ് (12"×12" / അല്ലെങ്കിൽ ദീര്ഘമായ വശം പന്ത്രണ്ട് ഇഞ്ചിൽ) സൈസ് വീതം വിൽപ്പനയ്ക്കായി അവതരിപ്പിക്കാമെന്ന് ഞങ്ങൾ പദ്ധതിയിട്ടിരിക്കുകയാണ്. നിങ്ങളിൽ പലർക്കും, ഫോട്ടോ പ്രിന്റിങ്ങിനായി മുതൽമുടക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. മാത്രമല്ല, ഗുണനിലവാരം ഉറപ്പുവരുത്താൻ ഒരിടത്തു തന്നെ എല്ലാ ഫോട്ടോകളും പ്രിന്റ് ചെയ്യുന്നതായിരിക്കും നല്ലത്.

ഫോട്ടോകളുടെ പ്രിന്റിങ്ങും, പാക്കിങ്ങും, കൊറിയർ വഴി അയയ്ക്കലും ഇ. ടി. പി. മുൻകയ്യെടുത്ത് നടത്തുന്നതാണ്. ഇതിനുള്ള ആകെ ചിലവ് ഒരു പ്രിന്റിന് 1,250 + ബാങ്ക് ചാർജുകളുമാകുമെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടൽ. പ്രത്യേകിച്ച് സർവീസ്‌ ചാർജുകളൊന്നും ഈടാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾക്ക് സ്വന്തമായി പ്രിന്റിങ് സൗകര്യം ഇല്ലാത്തതിനാൽ, പുറമെയുള്ള നല്ലൊരു സ്ഥാപനത്തിൽനിന്നാണ് പ്രിന്റിങ് നടത്തുക. ആർക്കൈവൽ പേപ്പറിലും, മഷിയിലുമാണ് എല്ലാ ഫോട്ടോകളും പ്രിന്റ് ചെയ്യുക. നിശ്ചിത എണ്ണം ഫോട്ടോകളിൽ കൂടുതൽ പ്രിന്റ് ചെയ്‌ത് വിൽക്കുകയില്ല എന്ന കാര്യം ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ്‌ നൽകുന്നു.

ഫോട്ടോഗ്രാഫി രംഗത്ത് ഇന്ത്യയിൽ തന്നെ പ്രമുഖ സ്ഥാനത്തുള്ള ഒരു സംഘടനയാണ് ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി. 'ജുഗാഡ്‌ ഫോട്ടോ ബസാർ' ഫോട്ടോകൾ വിൽക്കുന്നതിനുള്ള രാജ്യത്തെ തന്നെ ആദ്യത്തെ ഓൺലൈൻ സംരംഭമാണ്. വളരെ ശ്രദ്ധയോടെ തിരഞ്ഞെടുത്ത, വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഏറ്റവും മികച്ച ഫോട്ടോകൾ താങ്ങാൻ കഴിയുന്ന നിരക്കിൽ ജനങ്ങളിലേക്കെത്തിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.

ആയിരം മൈൽ യാത്രകൾപോലും ഒരു ചെറിയ കാലടിയിലൂടെയാണ് ആരംഭിക്കുക എന്ന് പറയാറുണ്ടല്ലോ. ഈ എളിയ സംരംഭത്തെക്കുറിച്ച്‌ കൂടുതൽ അറിയാനും, ഇതിൽ പങ്കാളികളാകാനും താഴെ കൊടുക്കുന്ന ഇമെയിൽ വിലസങ്ങളിൽ ബന്ധപ്പെടുക.

http://etpindia.org/joinjfb/ | ekalokam@gmail.com | jugaadfotobazaar@gmail.com

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More