കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ബറോസിനുണ്ട്. കൂടാതെ സിനിമയുടെ പശ്ചാത്തല സംഗീതമൊരുക്കുന്നത് സംഗീത സാമ്രാട്ടായ മാര്‍ക്ക് കിലിയനാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ബറോസി'ന്‍റെ സഹ സംവിധായകനായ പ്രമുഖ സംവിധായകന്‍ ടികെ രാജീവ് കുമാറും മോഹന്‍ലാലും മാർക്ക് കിലിയനും ചേര്‍ന്നുള്ള പടവും നടൻ പങ്കുവച്ചിട്ടുണ്ട്.
തൻറെ ആദ്യ സംവിധാന സംരംഭമായ 'ബറോസി'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് താരം ആരാധകര്‍ക്ക് പുതുവത്സരാശംസ അറിയിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അതേസമയം, സിനിമയുടെ ചിത്രീകരണം നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഷെഡ്യൂൾ ബ്രേക്ക് എടുക്കേണ്ടി വന്നത് ചിത്രത്തിന്‍റെ കണ്ടിന്യൂവിറ്റിയെ ബാധിച്ചിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ചിത്രത്തില്‍ ഒരു പ്രധാന താരത്തെ അവതരിപ്പിക്കേണ്ടിയിരുന്ന പൃഥ്വിരാജിന് പിന്മാറേണ്ടിയും വന്നിരുന്നു. വാസ്കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിനെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ പ്രമേയം. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്‍ത ജിജോ പുന്നൂസിന്റെ കഥയെ ആസ്‍പദമാക്കിയാണ് മോഹൻലാൽ സിനിമ സംവിധാനം ചെയ്യുന്നത്.