ചെന്നൈ: രാജ്യം അപകടാവസ്ഥയിലാകുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചിഹ്നത്തിനും അതീതമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ ഹാസന്. ഈസ്റ്റ് ഇന്ത്യാ കമ്പനിയെ വളരെയധികം പരിശ്രമിച്ചാണ് നമ്മള് പുറത്താക്കിയതെന്നും ഇപ്പോള്‍ നോര്‍ത്ത് ഇന്ത്യാ കമ്പനിക്കെതിരെ പോരാടേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും കമല്‍ ഹാസന് പറഞ്ഞു. ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ വി കെ എസ് ഇളങ്കോവന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു നടന്റെ പരാമര്‍ശം.
'ആദ്യമായാണ് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കായി ഞാന്‍ വോട്ടുചോദിക്കുന്നത്. ഇത് ഒരു നേട്ടത്തിനുംവേണ്ടിയല്ല. ഇന്ത്യയെ ചില വ്യക്തികള്‍ക്ക് പാട്ടംകൊടുക്കാന് ശ്രമിക്കുന്നവരില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുളള ആഗ്രഹംകൊണ്ടാണ്. ജനാധിപത്യത്തെ അടിച്ചമര്‍ത്തി സ്വേഛാധിപത്യം ഉടലെടുക്കുമ്പോള്‍ പാര്‍ട്ടികള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കേണ്ടിവരും. ഈറോഡിലെ ജനങ്ങളോട് വോട്ട് ചോദിച്ചെത്തിയത് രാജ്യം മതനിരപേക്ഷമായി തുടരണമെന്ന ആഗ്രഹംകൊണ്ടാണ്'- കമല്‍ ഹാസന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈറോഡ് ഈസ്റ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇളങ്കോവന് ഇ തിരുമഹന്‍ എവേരയുടെ പിതാവാണ്. എവേരയുടെ മരണത്തെത്തുടര്‍ന്നാണ് ഈറോഡ് ഈസ്റ്റില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എഐഎഡിഎംകെ, സീമാന്റെ നാം തമിലര്‍ കച്ചി, നടന് വിജയകാന്തിന്റെ ഡിഎംഡികെ എന്നീ പാര്‍ട്ടികളും ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഫെബ്രുവരി 27-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.