അഹമ്മദാബാദ്: മോദി സമുദായത്തെ അവഹേളിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ് ശിക്ഷ. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. ഗുജറാത്ത് മുന്‍ മന്ത്രിയും ബി ജെ പി എം എല്‍ എയുമായ പൂര്‍ണേഷ് മോദി നല്കിയ ഹരജിയിലാണ് വിധി. വിധി നടപ്പാക്കാന്‍ മുപ്പത് ദിവസത്തെ സാവകാശം നല്കിയ കോടതി, മേല്‍കോടതിയില്‍ അപ്പീല്‍ നല്കാന് രാഹുലിന് ജാമ്യം അനുവദിച്ചു.
കര്‍ണാടകയിലെ കൊലാറില്‍ 2019 ല്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശമാണ് കേസിനാധാരം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെ പരാമര്‍ശിച്ചുകൊണ്ട് എല്ലാ കള്ളന്മാര്ക്കും എങ്ങനെയാണ് മോദി എന്ന് പേര് വന്നത് എന്നായിരുന്നു രാഹുല്‍ പ്രസംഗത്തിനിടെ ചോദിച്ചത്. ഇത് മോദി സമുദായത്തെ അപമാനിക്കുന്നതിന് തുല്യമാണ് എന്നായിരുന്നു ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയുടെ വാദം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ കഴിഞ്ഞ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച് എച്ച് വെര്‍മ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ കോടതിയില്‍ ഹാജരായ രാഹുല്‍ ഗാന്ധി പ്രസ്താവനയില്‍ താന്‍ ഖേദിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചു.