പ്രത്യയശാസ്ത്രമുപേക്ഷിച്ച പാര്‍ട്ടിയാണ് റസാഖിന്റെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി- ആസാദ് മലയാറ്റില്‍

സാംസ്‌കാരിക പ്രവര്‍ത്തകന്‍ റസാക്ക് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആസാദ് മലയാറ്റില്‍. പ്രത്യയശാസ്ത്രവും സമരപാതയും ഉപേക്ഷിച്ച പാര്‍ട്ടിയാണ് റസാക്ക് പയമ്പ്രോട്ടിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആസാദ് മലയാറ്റില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്ന് പേരുളള പല പ്രസ്ഥാനങ്ങളും സ്വന്തം മുന്‍കാല നായകരെയും അടിസ്ഥാന ദര്‍ശനങ്ങളെയും കൈവിട്ട് ഭരണവര്‍ഗമായി തീര്‍ന്നിരിക്കുന്നുവെന്നും ആ കഥയറിയാതെ മനസും സ്വത്തും പാര്‍ട്ടിക്കുനല്‍കി മഹത്തായ വിപ്ലവ നാള്‍ സ്വപ്‌നം കണ്ട് കഴിഞ്ഞവര്‍ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുളള പിളര്‍പ്പില്‍ ചെന്നുവീഴുകയാണെന്നും ആസാദ് പറഞ്ഞു. ലക്ഷ്യവും ആത്മാവും കൈമോശം വന്ന പ്രസ്ഥാനങ്ങളില്‍നിന്ന് പുറത്തുകടക്കാനും സമരങ്ങളില്‍ അനേകരുമായി ഐക്യപ്പെടാനുമുളള ശക്തി റസാക്കിനെപ്പോലുളള കമ്മ്യൂണിസ്റ്റ് പോരാളികള്‍ ഇനിയെങ്കിലും കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആസാദ് മലയാറ്റിലിന്റെ കുറിപ്പ്

പ്രത്യയശാസ്ത്രവും സമരപാതയും ഉപേക്ഷിച്ച പാർട്ടിയാണ് റസാക്ക് പയമ്പ്രോട്ടിന്റെ രക്തസാക്ഷിത്വത്തിന് ഉത്തരവാദി. അശരണരായ മനുഷ്യർക്ക് ഭിക്ഷയല്ല, അർഹതപ്പെട്ട അവകാശമാണ് ലഭിക്കേണ്ടതെന്ന് എന്ന ബോധമാണ് രക്തസാക്ഷിത്വങ്ങളുടെ അടിസ്ഥാന ഹേതു. 

ജീവിതത്തിന്റെ അനിവാര്യതകൾ അനുവദിച്ചു കിട്ടാനുള്ള സമരത്തിലേക്ക് എല്ലാ രാജ്യത്തെയും അദ്ധ്വാനിക്കുന്ന വർഗത്തെ നയിക്കാനാണ് മാർക്സും എംഗൽസും ഒരു വിപ്ലവ മാനിഫെസ്റ്റോ എഴുതിയത്. അധീശവർഗത്തിനു കീഴ്പ്പെട്ടു ഭിക്ഷവാങ്ങി കാലം കഴിക്കാനല്ല. കമ്യൂണിസ്റ്റ് പാർട്ടികൾ എന്നു പേരുള്ള പല പ്രസ്ഥാനങ്ങളും സ്വന്തം മുൻകാല നായകരെയും അടിസ്ഥാന ദർശനങ്ങളെയും കൈവിട്ടു ഭരണവർഗമായി തീർന്നിരിക്കുന്നു. ആ കഥയറിയാതെ മനസ്സും സ്വത്തും പാർട്ടിക്കു നൽകി മഹത്തായ വിപ്ലവനാൾ സ്വപ്നം കണ്ടു കഴിഞ്ഞവർ ഭാവനയും യാഥാർത്ഥ്യവും തമ്മിലുള്ള പിളർപ്പിൽ ചെന്നു വീഴുന്നു. ഭരണവർഗ വിപ്ലവപാർട്ടി അതിന്റെ സന്തതികളെ കൊന്നുതിന്നുന്ന ചതിയൻ സത്വമായി രൂപാന്തരപ്പെട്ടിരിക്കുന്നു.

റസാക്ക് പയമ്പ്രോട്ട് വാസ്തവം തിരിച്ചറിയാനും അംഗീകരിക്കാനും, പുറത്തു വന്ന അനേകരോടൊപ്പം പൊരുതാനും ശ്രമിച്ചിരുന്നെങ്കിൽ കുറെകൂടി കാലം ജീവിക്കാമായിരുന്നു എന്നൊന്നും ഞാൻ പറയില്ല. അവിടെ ടി പി ചന്ദ്രശേഖരന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ഒന്നുകിൽ അടിമകളുടെ ഉത്സവ ചേരിയിൽ അല്ലെങ്കിൽ പോരാട്ടങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും പാതയിൽ എന്നു വിഭജിക്കപ്പെട്ടു കിടപ്പാണ് വിമോചനവാഞ്ചയും അവകാശ ബോധവുമുള്ള മനുഷ്യരുടെ ജീവിതപ്പാത. ഭിക്ഷയുടെയും പദവികളുടെയും തണുപ്പിൽ അലസയുറക്കത്തിൽ അമരാനാവില്ല ഒരു കമ്യൂണിസ്റ്റിനും. നിലവിലെ നിയമം ഇങ്ങനെയൊക്കെയാണ്, ജീവനു ഭീഷണിയുള്ള സ്ഥാപനം അടച്ചുപൂട്ടാനോ ഇരകളെ സൃഷ്ടിക്കുന്ന വികസനം മാറ്റിമറിക്കാനോ സാദ്ധ്യമല്ല എന്നു പറയുന്നവർ അധികാരത്തിന്റെ വക്താക്കളാണ്. പക്ഷേ കമ്യൂണിസ്റ്റുകളല്ല.

റസാക്കിന്റെ രക്തസാക്ഷിത്വം വരാനിരിക്കുന്ന പുതിയ ചെറുത്തു നിൽപ്പുകളുടെ തുടക്കമാണ്. വലിയ പ്രതീക്ഷ നൽകിയ പ്രസ്ഥാനങ്ങൾ ബലിപീഠത്തിലേക്കു നയിക്കുമ്പോൾ സ്വയം നടപ്പാക്കുന്ന സ്വന്തം വിധി അതിശക്തമായ ഒരു സമരരൂപം കൂടിയാണെന്ന് റസാക്കനുഭവം പഠിപ്പിക്കുന്നു. വിപ്ലവപ്രസ്ഥാനം അതല്ലാതായി മാറുമ്പോൾ അതിനകത്തെ പോരാളികളിൽ വളരുന്ന അശാന്തിയും ഒറ്റപ്പെടലും വിഷാദവും പരാജയബോധവും സ്വപ്നനഷ്ടവും ആപത്ക്കരമാംവിധം സാമൂഹിക ശരീരത്തെ ബാധിക്കുന്നു. തോറ്റ മനുഷ്യരാണ് നാം എന്ന വിചാരമാണ് ആ പ്രസ്ഥാനങ്ങൾ വളർത്തിയെടുക്കുന്നത്.

ലക്ഷ്യവും ആത്മാവും കൈമോശംവന്ന പ്രസ്ഥാനങ്ങളിൽനിന്നു പുറത്തു കടക്കാനും സമരങ്ങളിൽ അനകരുമായി ഐക്യപ്പെടാനുമുള്ള ശക്തി റസാക്കിനെപ്പോലെയുള്ള കമ്യൂണിസ്റ്റ് പോരാളികൾ ഇനിയെങ്കിലും കൈവരിക്കേണ്ടതുണ്ട്. വഴിതെറ്റി ഓടുന്ന വാഹനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാവില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 20 hours ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 4 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 6 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More