കണ്ണൂര്‍: കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ പിടിച്ച സംഭവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി എന്‍ ഐ എ. സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നാണ് വിവരങ്ങൾശേഖരിക്കുക. അട്ടിമറി സംശയിക്കുന്ന സാഹചര്യത്തിലാണിത്. ഏലത്തൂർ ട്രെയിൻ തീവയ്പ് നിലവിൽ എൻഐഎ ആണ് അന്വേഷിക്കുന്നത്. ആ സാഹചര്യം കൂടി മുൻ നിർത്തിയാണ് വിവരശേഖരണം നടത്തുന്നത്. പുലർച്ചെയാണ് കണ്ണൂർ എക്സ്ക്യൂട്ടീവ് എക്സ്പ്രസിൽ തീപിടുത്തമുണ്ടായത്. ഒരു ബോഗി പൂർണ്ണമായും കത്തിനശിച്ചു.
ഇന്നലെ രാത്രി 11 മണിയോടെ ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലെത്തിയ ട്രെയിനാണിത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം എട്ടാമത്തെ യാർഡിൽ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല. പിൻഭാഗത്തെ ജനറൽ കോച്ചിൽ ആണ് തീപ്പിടുത്തമുണ്ടായത്. അഗ്നിശമന വിഭാഗം എത്തിയാണ് തീ അണച്ചത്. അതേസമയം, സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി റെയിൽവെ അധികൃതർ പറഞ്ഞു. പെട്രോൾ പോലുള്ള ഇന്ധനം ഒഴിച്ച് കത്തിച്ചതായി സംശയിക്കുന്നുണ്ട്. എലത്തൂരിൽ തീ പിടിച്ച അതെ തീവണ്ടി തന്നെയാണ് കത്തിയത്. രാത്രി കണ്ണൂരിൽ യാത്ര അവസാനിച്ചതിനു ശേഷം ആണ് തീ പിടിച്ചത്.