മുംബൈ: രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ആദിപുരുഷ് റിലീസിന് ഒരുങ്ങുന്നു. പ്രഭാസ് നായകനായ ചിത്രം ജൂണ്‍ 16-നാണ് തിയേറ്ററില്‍ എത്തുക. ഇതിനിടെ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണം’ എന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും സീതയായി ആലിയ ഭട്ടും രാവണനായി കന്നഡ താരം യാഷും എത്തുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ യാഷുമായി ചര്‍ച്ചയിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.
സീതയുടെ വേഷം ചെയ്യാന്‍ ദീപിക പദുക്കോണിനെയും സായ് പല്ലവിയേയും രാവണന്‍റെ വേഷം ചെയ്യാന്‍ ഹൃത്വിക് റോഷനെയും സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് ആലിയ ഭട്ടിലേക്കും യാഷിലേക്കും എത്തുകയായിരുന്നു. അതേസമയം, ആദിപുരുഷ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തിന്മക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ഓം റാവത്താണ് സിനിമ സംവിധാനം ചെയ്തത്. ടി സീരിസാണ് ചിത്രത്തിന്‍റെ നിർമാണം.