കൊച്ചി: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ കെജിഎഫ്. 1,2, കാന്താരാ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം ധൂമം തീയേറ്ററുകളിലേക്ക്. മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ധൂമം ജൂൺ 23ന് ലോകമെമ്പാടും റിലീസ് ചെയ്യും.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന സിനിമ കൂടെയാണിത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് 'ധൂമം'. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.