തെലങ്കാനയില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിന് (ഭാരത് രാഷ്ട്ര സമിതി) കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് നേതാക്കള്‍ കൂട്ടമായി കോണ്‍ഗ്രസിലേക്ക്. മുൻ ബിആർഎസ് നേതാവ് പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുൻ മന്ത്രി ജൂപള്ളി കൃഷ്ണ റാവു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ബിആർഎസിൽ നിന്നുള്ള കൂടുതൽ നേതാക്കളും നേരത്തെ ബിജെപിയില്‍ ചേര്‍ന്നവരില്‍ ചിലരും കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അവര്‍ കോണ്‍ഗ്രസിനെ ധരിപ്പിച്ചത്. ശ്രീനിവാസ് റെഡ്ഡിയും കൃഷ്ണ റാവുവും അവരുടെ അനുയായികളും ഔദ്യോഗികമായി കോൺഗ്രസിൽ ചേര്‍ന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഖമ്മത്തിൽ നിന്നുള്ള മുൻ ലോക്സഭാ എംപിയാണ് ശ്രീനിവാസ് റെഡ്ഡി. കൃഷ്ണ റാവു മുൻ ആന്ധ്രാപ്രദേശ്, തെലങ്കാന മന്ത്രിയും അഞ്ച് തവണ എംഎൽഎയുമായിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പാറ്റ്നയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ബിആര്‍എസ് പങ്കെടുത്തിരുന്നില്ല. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിആര്‍എസിന് കോണ്‍ഗ്രസ് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.