ഡല്‍ഹി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ഥികളെ സ്ക്രീനിംഗ് നടത്തി നിശ്ചയിക്കാന്‍ നാല് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു. തെലങ്കാന സംസ്ഥാന സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായി കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് നാല് സംസ്ഥാനങ്ങളിലെ കമ്മിറ്റികള്‍ പ്രഖ്യാപിച്ചത്.
ഗുജറാത്തിലെ യുവ നേതാവ് ജിഗ്നേഷ് മേവാനി, മഹാരാഷ്ട്രയില്‍ നിന്നുള്ള ബാബാ സിദ്ധിഖി എന്നിവരാണ് കെ മുരളീധരന് അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. തെലങ്കാന പി സി സി അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി, കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി, സംസ്ഥാനത്തിന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന മാണിക്ക റാവു താക്കറെ, എന്‍ ഉത്തം കുമാര്‍ റെഡ്ഡി എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായി കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് ഗൌരവ് ഗോഗോയിയെ നിയോഗിച്ചു. സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പി സി സി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദത്താത്രേയ, സച്ചിന് പൈലറ്റ്, സ്പീക്കര്‍ സി പി ജോഷി, സുഖ്ജിന്ദര്‍ സിംഗ് രണ്‍ധാവ തുടങ്ങിയവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മധ്യപ്രദേശില്‍ ജിതേന്ദ്ര സിംഗ് ആണ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍. ദ്വിഗ്വിജയ് സിംഗ്, മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ്, തുടങ്ങി നാലുപേര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ചത്തീസ്ഗഡില്‍ അജയ് മാക്കനാണ് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍. മുഖ്യമന്ത്രി ഭൂപെഷ് ഭാഗല്‍, ഡോ എല്‍ ഹനുമാന്തയ്യ, മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ തുടങ്ങിയവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.