കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിനു മുന്‍പ് മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ഹൈക്കോടതി. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ലെന്നും ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കേണ്ടത് കെഎസ്ആര്‍ടിസിയാണെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജൂലൈ മാസത്തിലെ രണ്ടാംഘട്ട ശമ്പള വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി 130 കോടി രൂപ നല്‍കിയാല്‍ മാത്രമേ ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുളളുവെന്ന് കെഎസ്എആര്‍ടിസി കോടതിയെ അറിയിച്ചു. ശമ്പളം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം ചേരുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. യോഗം പരിഗണിച്ച് കേസ് കോടതി ഈ മാസം 21-ലേക്ക് മാറ്റിയിട്ടുണ്ട്. യോഗത്തിലെടുക്കുന്ന തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇപ്പോള്‍ കെഎസ്ആര്‍ടിസി നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.