ബോളിവുഡ് നടി സോനം കപൂറിനോടും നടന് ദുല്‍ഖര്‍ സല്‍മാനോടും മാപ്പ് പറഞ്ഞ് നടന് റാണാ ദഗ്ഗുബാട്ടി. ദുല്‍ഖര്‍ സല്മാന് നായകനായ കിംഗ് ഓഫ് കൊത്തയുടെ പ്രമോഷനിടെ നടത്തിയ ഒരു പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹം മാപ്പപേക്ഷയുമായി രംഗത്ത് വന്നത്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഒരു പ്രമുഖ നടി താരത്തിന്റെ സമയം പാഴാക്കിയെന്നായിരുന്നു റാണയുടെ പരാമര്‍ശം. നായികയുടെ പേര് പരാമര്‍ശിച്ചില്ലെങ്കിലും സോനത്തിനെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തവുമായിരുന്നു. പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് വിശദീകരണ കുറിപ്പുമായി റാണാ ദഗ്ഗുബാട്ടി രംഗത്തെത്തിയത്.
തന്റെ വാക്കുകള്‍ ദുല്വ്യാഖ്യാനം ചെയ്തുവെന്നും താന്‍ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തികളാണ് സോനവും ദുല്‍ഖറുമെന്ന് റാണ പറഞ്ഞു. എന്റെ പരാമര്‍ശങ്ങള്‍ മൂലം സോനം കപൂറിന് നെഗറ്റിവിറ്റി ഉണ്ടായി എന്നതില്‍ ഖേദിക്കുന്നു. ഞാനൊരു തമാശ പറഞ്ഞതാണ്. സുഹൃത്തുക്കളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം കളിയാക്കാറുണ്ട്. അതിനെ ദുര്‍വ്യഖ്യാനം ചെയ്തതില്‍ അതിയായ ദുഖം തോന്നുന്നു. ഈ അവസരത്തില്‍ സോനത്തിനോടും ദുല്‍ഖറിനോടും മാപ്പ് ചോദിക്കുകയാണ്. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തികളാണ് ഇരുവരും. എന്റെ വിശദീകരണം ഊഹാപോഹങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിരാമമിടുമെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു റാണാ ദഗ്ഗുബാട്ടിയുടെ കുറിപ്പ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതിനിടെ, റാണയുടെ പരാമര്‍ശത്തിനു പരോക്ഷമായ മറുപടിയുമായി സോനംതന്നെ രംഗത്തെത്തിയിരുന്നു. 'ചെറിയ മനസ്സുകൾ ആളുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു, വലിയ മനസ്സുകൾ ആശയങ്ങൾ ചർച്ച ചെയ്യുന്നു' എന്ന അമേരിക്കയുടെ മുന്‍ പ്രഥമ വനിതയായ എലീനർ റൂസ്വെൽറ്റിന്റെ വാചകങ്ങള്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.