ചെന്നൈ: തമിഴ്നാട്ടിനെ നീറ്റില്‍നിന്ന് ഒഴിവാക്കുന്ന ബില്ലിന് അംഗീകാരം നിഷേധിച്ച ഗവര്‍ണര്‍ ആര് എന്‍ രവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്. കേന്ദ്രസര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണറുടെ പേര് ആര് എന്‍ രവിയെന്നല്ല, ആര്‍എസ്എസ് രവിയെന്ന് ആക്കുന്നതാണ് ഉചിതമെന്നും ആ സിദ്ധാന്തം തമിഴ്നാട്ടില്‍ പറഞ്ഞാല്‍ ജനങ്ങള്‍ ചെരിപ്പൂരി അടിക്കുമെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു. നീറ്റിനെതിരെ ഡിഎംകെ യുവജന വിഭാഗം നടത്തിയ ഏകദിന നിരാഹാര സമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ പരിപാടിയില്‍ ഞാന്‍ മന്ത്രിയായോ ഡിഎംകെ നേതാവായോ അല്ല പങ്കെടുക്കുന്നത്. സാധാരണ മനുഷ്യനായി, നീറ്റിന്റെ പേരില്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന 20 കുട്ടികളുടെ സഹോദരനായാണ് ഇവിടെ നില്‍ക്കുന്നത്. ഗവര്‍ണറോട് നീറ്റ് ഒഴിവാക്കണമെന്ന് പറയുമ്പോള്‍ അദ്ദേഹം അഹങ്കാരത്തോടെ നീറ്റ് ഒരിക്കലും ഒഴിവാക്കില്ലെന്ന് പറയുകയാണ്. നിങ്ങള്‍ ആരാണ് ആര് എന്‍ രവീ?, നീറ്റ് ഒഴിവാക്കില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരമാണുളളത്? നിങ്ങളൊരു പോസ്റ്റ്മാന് മാത്രമാണ്. ഞങ്ങള്‍ പറയുന്നത് കേന്ദ്രത്തോട് പറയുന്നത് മാത്രമാണ് നിങ്ങളുടെ ജോലി. അദ്ദേഹത്തിന്റെ പേര് ആര്‍എന്‍ രവി എന്നല്ല. ആര്‍എസ്എസ് രവിയെന്നാണ്'- ഉദയനിധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മെഡിക്കല്‍ എന്തിനാണ് പഠിക്കുന്നത് മറ്റൊന്നും പഠിക്കാനില്ലേ എന്ന് ചോദിക്കാന്‍ നിങ്ങളാരാണ്? എന്റെ വീട്ടിലെ കുട്ടി ഡോക്ടറാവണം എന്ന് ആഗ്രഹിച്ചാല്‍ അവന് അതിനുവേണ്ടി പഠിക്കാനുളള അവകാശമുണ്ട്. നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കാന്‍ വരുന്ന തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ബിജെപിയെ വിരട്ടിയോടിക്കണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സഖ്യം അധികാരത്തില്‍ വന്നാല്‍ നീറ്റ് ഒഴിവാക്കുമെന്ന് രാഹുല്‍ ഗാന്ധി നമുക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതിനായി നമുക്ക് പ്രവര്‍ത്തിക്കാം'- ഉദയനിധി സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.