ചെന്നൈ: അധികാരത്തിലെത്തിയാല്‍ തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ക്കു പുറത്തുളള പെരിയാറിന്റെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പരാമര്‍ശത്തിന് മറുപടിയുമായി ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു. കിഴക്ക് ഉദിക്കുന്ന സൂര്യന് പടിഞ്ഞാറുദിച്ചാലും ബിജെപിക്ക് തമിഴ്നാട്ടില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് ശേഖര്‍ ബാബു പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്ക് ഡിഎംകെ ഒഴികെ മറ്റൊരു പാര്‍ട്ടിക്കും തമിഴ്നാട്ടില്‍ അധികാരം പിടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ലെന്നും ഇത് ദ്രാവിഡ മണ്ണാണെന്നും മന്ത്രി പറഞ്ഞു.
'ഇന്‍കം ടാക്സ്, ഇഡി റെയ്ഡുകള്‍ നടത്തി ആളുകളെ എത്രതന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ചാലും ബിജെപിക്ക് തമിഴ്നാട്ടില്‍ അധികാരം ലഭിക്കില്ല. ഇത് ദ്രാവിഡ മണ്ണാണ്. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തേക്ക് ഡിഎംകെ ഒഴികെ മറ്റൊരു പാര്‍ട്ടിക്കും ഇവിടെ അധികാരം പിടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാരണം ഡിഎംകെയുടെ വോട്ട് വിഹിതത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായി. അണ്ണാമലൈയെപ്പോലുളളവര് തങ്ങളെ ഭരിക്കാന്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ ഒരിക്കലും അധികാരം നല്‍കില്ല'- മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ശ്രീരംഗത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു ബിജെപി അധ്യക്ഷന്‍ പെരിയാറിന്റെ പ്രതിമകള്‍ നീക്കം ചെയ്യുമെന്ന് പറഞ്ഞത്. 'ബിജെപി അധികാരത്തിലെത്തുന്ന ദിവസം ഹിന്ദു റിലീജിയന്‍ ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ അവസാന ദിവസമായിരിക്കും. ആ വകുപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കും. ജനങ്ങള്‍ക്കെതിരെ ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ഡിഎംകെയാണ്. 1967-ല്‍ ഡിഎംകെ അധികാരത്തിലെത്തിയപ്പോള്‍ ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
ദൈവത്തെ വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണെന്നും അവര്‍ കബളിക്കപ്പെടുകയാണെന്നും ദൈവത്തില്‍ വിശ്വസിക്കരുതെന്നുമായിരുന്നു അതിലെ വാചകം. എല്ലാ ക്ഷേത്രങ്ങള്‍ക്കുമുന്നിലും അവരാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. അതിനാല്‍ ബിജെപി ഒരു തീരുമാനമെടുക്കുകയാണ്. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ അവയെല്ലാം നീക്കം ചെയ്യും. ശേഷം വൈഷ്ണവരുടെയും ശൈവരുടെയും സന്യാസിമാരുടെയും തമിഴ് കവികളുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും തിരുവളളുവരുടെയും പ്രതിമകള്‍ സ്ഥാപിക്കും'- എന്നാണ് അണ്ണാമലൈ പറഞ്ഞത്. പെരിയാറിന്റെ പ്രതിമകളില്‍ അദ്ദേഹത്തിന്റെ ഉദ്ധരണികളും ആലേഖനം ചെയ്യാറുണ്ട്. ഇവ ശ്രീരംഗത്തടക്കമുളള പല ക്ഷേത്രങ്ങളുടെ പുറത്തും ആലേഖനം ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചായിരുന്നു അണ്ണാലൈയുടെ പരാമര്‍ശം.