കേരളത്തിന് 4 മാസംകൊണ്ട് ടാറ്റയുടെ വക 550 കിടക്കകളുള്ള കൊവിഡ്‌ ആശുപത്രി

കാസര്‍ഗോഡ്‌: കാസര്‍ഗോഡ് ജില്ലയിലെ തെക്കില്‍ വില്ലേജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന കൊവിഡ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഈ മാസം ഒമ്പതിന് ടാറ്റാ ഗ്രൂപ്പ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറും. ടാറ്റാ കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 മണിക്ക്  സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി, വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പി ,എം എല്‍ എ മാര്‍ മറ്റു ജനപ്രതിനിധികള്‍ ഉള്‍പ്പടെ ക്ഷണിക്കപ്പെട്ട 50 പേര്‍ പങ്കെടുക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചവര്‍ക്കുള്ള അനുമോദന പത്രവും നല്‍കും.

സര്‍ക്കാര്‍ സംവിധാനത്തില്‍ ടാറ്റയുടെ ഓണ സമ്മാനം

തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. 1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേര്‍സ്, എട്ട് ഓവര്‍ഫ്‌ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്തത്. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോടാണ് ചെയ്യുന്നത്.

മൂന്നു സോണുകള്‍, 551 കിടക്കകള്‍

ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്.

128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി . ദേശീയ പാതയ്ക്ക് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഭൂമി നിരപ്പാക്കി ആശുപത്രിയ്ക്ക് അനുയോജ്യമാക്കുകയും ചെയ്തത് ജില്ലാ കളക്ടറുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചടുലമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

ഏപ്രില്‍ 28, 29 തിയ്യതികളിലാണ് ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തീകരിച്ചു. തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. എന്നിരുന്നാലും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.

ടാറ്റാ ഗ്രൂപ്പ് ആശുപത്രി ഈ മാസം 9 ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. തുടക്കത്തില്‍ കോവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തനമാരംഭിക്കുക. അതിന് ശേഷം ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ആന്റണി പി എല്‍ പറഞ്ഞു.

ജീവനക്കാരുടെ നിയമനം

എല്ലാ ചികിത്സാ സംവിധാനങ്ങള്‍ക്കുമുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. എന്നാല്‍ എന്തെല്ലാം മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് തിരുമാനിക്കേണ്ടതും സജ്ജീകരിക്കേണ്ടതും സര്‍ക്കാരാണ്. ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും സര്‍ക്കാര്‍ തന്നെയാണ് നടത്തുക.

ടാറ്റാ ആശുപത്രി-നാള്‍ വഴികള്‍

  • 2020 ഏപ്രില്‍ ആറ്: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും ടാറ്റാ ആശുപത്രി കാസര്‍കോട് ജില്ലയില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു.
  • 2020 ഏപ്രില്‍ ഏഴ്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം തെക്കില്‍ വില്ലേജില്‍ കണ്ടെത്തി. 2020 ഏപ്രില്‍ എട്ട്: ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദ്ദേശിച്ച സ്ഥലം ആശുപത്രി നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. 2020 ഏപ്രില്‍ ഒമ്പത്: ആശുപത്രി നിര്‍മ്മാണത്തിന്റെ തുടക്കമെന്നോണം തെക്കില്‍ വില്ലേജിലെ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു.
  • 2020 ഏപ്രില്‍ 28: തെക്കില്‍ വില്ലേജിലെ സ്ഥലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ റോഡ്, സ്ഥലം നിരപ്പാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി ആശുപത്രി നിര്‍മ്മാണത്തിനായി സ്ഥലം വിട്ടു നല്‍കുന്നു.
  • 2020 മെയ് 15: ടാറ്റ ആശുപത്രിയുടെ ആദ്യ പ്രീ ഫാബ് സ്ട്രക്‌ച്ചേര്‍ തെക്കില്‍ വില്ലേജില്‍ സ്ഥാപിച്ചു.
  • 2020 ജൂണ്‍ അഞ്ച്: ലോക പരിസ്ഥിതി ദിനത്തില്‍ ആശുപത്രി കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി മരത്തൈകള്‍ നടുന്നതിന് തുടക്കം റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
  • 2020 ജൂലൈ 10: ടാറ്റാ ആശുപത്രിയുടെ അവസാന പ്രീ ഫാബ് സ്ട്രക്ച്ചറും സ്ഥാപിച്ചു.
  • 2020 സെപ്റ്റംബര്‍ ഒന്‍പത് ഉച്ചയ്ക്ക് 12 മണി : കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ടാറ്റാ ആശുപത്രി ഉദ്ഘാടനം ചെയ്യും.
Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More