ഐപിഎൽ ക്രിക്കറ്റിൽ മോശം പ്രകടനം കാഴ്ച വെച്ച ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെല്ലിനെ പരിഹസിച്ച് മുൻ ന്യൂസിലന്റ് ബൗളറും കമന്റേറ്ററുമായ സ്കോട്ട് സ്റ്റൈറിസ്. ഐപിഎൽ താരലേലത്തിൽ മാക്സ് വെല്ലിനായി 10 കോടി രൂപ മുടക്കാൻ തയ്യാറാകുന്നവരുടെ തലയിൽ കളിമണ്ണാണെന്ന് സ്റ്റൈറിസ് പറഞ്ഞു. വേണമെങ്കിൽ മാക്സ് വെല്ലിനെ അടിസ്ഥാന വിലയിൽ ഏതെങ്കിലും ടീമിന് വാങ്ങാവുന്നതാണെന്നും സ്റ്റൈറിസ് അഭിപ്രായപ്പെട്ടു.
ഐപിഎൽ താരലേലവുമായി ബന്ധപ്പെട്ട് സ്റ്റാർ സ്പോർട്സ് ചാനൽ ചർച്ചക്കിടെയായിരുന്നു സ്റ്റൈറിസിന്റെ അഭിപ്രായ പ്രകടനം. മാക്സ് വെൽ പ്രതിഭയുള്ള കളിക്കാരനാണ്. പക്ഷെ അതിന് തക്കതായ പ്രകടനം അയാളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മാക്സ് വെല്ലിനെ വാങ്ങാൻ ടീമുകൾ ഉണ്ടാകും. ഇത്തവണ മാക്സ് വെൽ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ് താരമായിരുന്ന മാക്സ് വെൽ ടൂർണമെന്റിൽ കനത്ത പരാജയമായിരുന്നു. പതിനൊന്നേമുക്കാൽ കോടി രൂപക്കാണ് മാക്സ് വെല്ലിനെ പഞ്ചാബ് ടീമിൽ എത്തിച്ചിരുന്നത്. ബൗളിംഗിനും ബാറ്റിംഗിലും മാക്സ് വെല്ലിന് തിളങ്ങാനായിരുന്നില്ല. മദ്യം കഴിച്ച് അർമാദിക്കാൻ മാത്രമാണ് ഐപിഎല്ലിൽ പങ്കെടുക്കുന്നതെന്ന മാക്സ് വെല്ലിന്റെ പ്രസ്താവനയും ഇതിനിടെ വിവാദമായിരുന്നു.
ഈ സീസണിലെ താര ലേലത്തിന് മുന്നോടിയായി മാക്സ് വെല്ലിനെ പഞ്ചാബ് ടീമിൽ നിന്ന് റിലീസ് ചെയ്തിരുന്നു.