ബീജിംഗ്: കൊവിഡ് മഹാമാരി വുഹാനിലെ ലാബില്‍ നിന്ന് പടര്‍ന്നതാകാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ സംഘം. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാനായി വുഹാനിലെത്തിയതാണ് ലോകാരോഗ്യ സംഘടന ചുമതലപ്പെടുത്തിയ വിദഗ്ധര്‍. ലോകത്താകമാനമുളള ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്നതാകാനാണ് സാധ്യതയെന്ന് വിദഗ്ദ സംഘത്തിന് നേതൃത്വം നല്കുന്ന ഡോ. പീറ്റര്‍ ബെന്‍ എംബാരക് പറഞ്ഞു.
പ്രാഥമിക കണ്ടെത്തലുകളില്‍ ഒരു ജീവിവര്‍ഗത്തില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നാണ് വ്യക്തമാവുന്നത്. എന്നാല്‍ അതിനെക്കുറിച്ച് വിശദമായി പറയാന്‍ ഗവേഷണങ്ങളും പഠനങ്ങളും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന പ്രസ്താവനയ്ക്ക് തെളിവുകളില്ലെന്നും അദ്ദേഹം അറിയിച്ചു. വുഹാന്‍ സീഫുഡ് മാര്‍ക്കറ്റ്, വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയ പ്രധാന സ്ഥലങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ ചൈന അനുമതി നല്‍കിയതായും ലോകാരോഗ്യസംഘടന സംഘം വ്യക്തമാക്കി.
കൊവിഡ് വൈറസ് ചൈന വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്തയെ അനുകൂലിക്കുന്ന തരത്തില്‍ കൊവിഡിനെ ചൈനീസ് വൈറസ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. പകര്‍ച്ചവ്യാധിയെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ട്രംപിന്റെ നടപടിയെ ചൈനയും ശക്തമായി വിമര്‍ശിച്ചിരുന്നു.