ലണ്ടണ്‍: ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്ന് കടുത്ത വിവേചനവും അവഗണനയും നേരിട്ടെന്ന വെളിപ്പെടുത്തലുമായി മേഗന് മാര്‍ക്കല്‍. ഒരു ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും ഹാരി രാജകുമാരന്റെ ഭാര്യയുമായ മേഗന് മാര്‍ക്കല്‍ പറഞ്ഞു. ഓപ്ര വിന്‍ഫ്രിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് മേഗന് രാജകുടുംബത്തില്‍ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.
2019-ല്‍ തന്റെ മകന് ജനിക്കുന്നതിനു മുന്‍പായി രാജകുടുംബത്തില്‍ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ നിറത്തെക്കുറിച്ച് ആശങ്കയോടെയുളള ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ മേഗന് വെളിപ്പെടുത്തി. 2019 മെയ് മാസത്തിലാണ് മേഗന് മകന് ആര്‍ച്ചിക്ക് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ജനനത്തിനുമുന്‍പ് തന്നെ അവന്റെ നിറം മൂലം അവന് രാജകുമാരന്റെ പദവിയോ സുരക്ഷാസംവിധാനങ്ങളോ നിഷേധിക്കപ്പെടുമെന്ന കാര്യം ഹാരി രാജകുമാരന് തന്നെ തന്നോട് പങ്കുവച്ചിരുന്നതായും മേഗന് പറഞ്ഞു.
2020-ല്‍ എല്ലാ രാജകീയ പദവികളും ഉപേക്ഷിച്ച് ഹാരി രാജകുമാരനും മേഗനും മകന് ആര്‍ച്ചിക്കൊപ്പം വടക്കേ അമേരിക്കയിലേക്ക് താമസം മാറിയിരുന്നു. താന്‍ വീണ്ടും ഗര്‍ഭിണിയാണെന്നും പിറക്കാനിരിക്കുന്നത് മകളാണെന്നും ഹാരിയും മേഗനും അറിയിച്ചു. അഭിമുഖത്തെക്കുറിച്ച് ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.