കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നാളെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പ്രദേശത്ത് വ്യോമ നിരീക്ഷണം ആരംഭിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
നന്ദിഗ്രാമില്‍ വോട്ടുളളവരെയല്ലാതെ ആരെയും നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്ക് കടത്തിവിടില്ല. അഞ്ചോ അതിലധികമോ ആളുകള്‍ കൂടി നില്ക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. 355 പോളിംഗ് ബൂത്തുകളുളള മണ്ഡലത്തില്‍ കേന്ദ്രസേനയുടെ 22 ട്രൂപ്പുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ക്രമസമാധാനം നിലനിര്‍ത്തുമെന്നും ജനങ്ങള്‍ ഭയമില്ലാതെ സ്വതന്ത്രരായി വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു.
വെളളിയാഴ്ച്ച അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന മണ്ഡലമാണ് നന്ദിഗ്രാം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും തമ്മില്‍ കനത്ത മത്സരമാണ് നടക്കാനിരിക്കുന്നത്. മാര്‍ച്ച് 27-നായിരുന്നു പശ്ചിമബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്.