ഡല്‍ഹി: 14,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന വജ്രവ്യാപാരി മെഹുല്‍ ചോക്സി അറസ്റ്റിലായി. കരീബിയന്‍ രാജ്യമായ ആന്റീഗ്വയില് നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അയല്‍ രാജ്യമായ ഡൊമിനിക്കയില്‍ വച്ചാണ് ചോക്സി അറസ്റ്റിലായത്. ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചിട്ടുണ്ട്.
ഇന്ത്യ അന്വേഷിക്കുന്ന പ്രധാന കുറ്റവാളികളിലൊരാളാണ് മെഹുല്‍ ചോക്സി. 2018-ല്‍ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ ചോക്സി 2017-ല്‍ തന്നെ ആന്റീഗ്വ ആന്‍ഡ് ബര്മൂഡ് പൗരത്വമെടുത്തിരുന്നു. ചോക്സിയുടെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ ആന്റീഗ്വയ്ക്കുമേല് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. പൗരത്വം റദ്ദാക്കുമെന്നും നിയമപ്രശ്നങ്ങള്‍ അവസാനിച്ചശേഷം ചോക്സിയെ ഇന്ത്യക്ക് കൈമാറുമെന്നും ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ നേരത്തേ ഉറപ്പുനല്‍കിയിരുന്നു. ഇതോടെയാവാം മെഹുല്‍ ചോക്സി നാടുവിടാന്‍ തീരുമാനിക്കുന്നത്.
ഞായറാഴ്ച്ച മുതല്‍ കാണാതായ ഇയാള്‍ക്കുവേണ്ടി ഇന്റര്‍പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദിക്കൊപ്പം ചേര്‍ന്ന് 14,000 കോടി രൂപയുടെ വായ്പ്പാ തട്ടിപ്പ് നടത്തിയതാണ് ഇയള്ക്കെതിരെയുളള കേസ്.