മെസ്സി..മിശിഹായെ.. നേരം പുലരുമ്പോള്‍ കപ്പുമായി നീ നില്‍ക്കുന്നത് എനിക്ക് കണികാണണം - ജി. നന്ദഗോപന്‍

അർജന്റൈൻ ആരാധകർ മെസ്സിയുടെ കൈയ്യും പിടിച്ച് വീണ്ടുമൊരു ഫൈനലിലേക്ക് ഇറങ്ങുകയാണ്. കഴിഞ്ഞ ദശകത്തിനിടയ്ക്ക് നാലു ഫൈനലുകൾ അതിൽ മൂന്നിലും തോൽവി. പിന്നോട്ടേക്ക് പോകുമ്പോൾ അത്ര സുഖകരമായ ഓർമ്മകളല്ല ഓരോ അർജന്റൈൻകാരനും വച്ചുപുലർത്തുന്നത്. 

1986-നു ശേഷം ലോകകപ്പിലോ 1993-ന് ശേഷം കോപ്പയിലോ മുത്തമിടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ലാറ്റിനമേരിക്കൻ കളിശൈലിയിലൂടെ ലോകത്തിന്റെ നാനാഭാഗത്ത് വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞ കാലമൊക്കെ വിസ്മൃതിയിലായെന്ന് ഫുട്ബോൾ പണ്ഡിതന്മാർപോലും പറഞ്ഞകാലം. എതിരാളികളുടെ പോസ്റ്റിലേക്ക് ചീറിപ്പായുന്ന അശ്വങ്ങൾ കണക്കെ യുദ്ധമഴിച്ചുവിട്ട ലാറ്റിനമേരിക്കയുടെ അറ്റാക്കിങ്ങ് കളിശൈലി പന്തടക്കവും പന്തുതട്ടലുമാക്കി ചുരുക്കിയത് യുറോപ്യൻ ഫുട്ബോൾ കോര്‍പ്പറേറ്റുകളുടെ കടന്നുവരവോടുകൂടിയാണ്. എന്നിരുന്നാലും പരാജയങ്ങളുടെ ന്യായീകരണം മാത്രമായി അതെല്ലാം ചുരുങ്ങി. പിച്ചിൽ ഒത്തിണക്കമില്ലാത്ത കുറച്ച് കൂട്ടപ്പൊരിച്ചിലുകൾ മാത്രമായി അർജന്റീന ചുരുങ്ങിയ നാളുകൾ, മെസ്സിയുടെ കാലുകളുടെ മാന്ത്രികതയില്‍ മാത്രം വിശ്വസിച്ച് ടീം കളത്തിലിറങ്ങുന്ന അവസ്ഥ. ഒരു ഫുട്ബോൾ ആരാധകനെ സംബന്ധിച്ച് ഇഷ്ടടീമിന്റെ ദുരവസ്ഥയോളം അത്രയേറെ നിരാശപെടേണ്ടിവന്ന മറ്റൊന്നില്ല.

പ്രതിഭാധാരാളിത്തംകൊണ്ട് എക്കാലത്തും പേരുക്കേട്ട ടീമാണ് അർജന്റീന. മെസ്സി, ഏഞ്ചൽ ഡി മരിയ, അഗ്യൂറോ, മാഷറാനോ, ഹിഗ്വയിൻ, റോഹോ, ടെവസ്, റോമേരോ, മാർട്ടിനെസ്, ഡിബാല തുടങ്ങി, ക്ലബ്ബ്തലത്തിൽ മികച്ച കളിക്കാരെ ദാനം ചെയ്യുന്ന രാജ്യത്തിന് ഒത്തിണക്കമില്ലാതെ പോയി.

എല്ലാ പ്രതീക്ഷകളും പഴയപോലെ മെസ്സിയിൽ തന്നെയാണ്. ബാലൺ ഡി ഓറും ഫിഫ ബെസ്റ്റും ക്ലബ്ബ്തലത്തിൽ നേടാൻ കഴിയുന്നതിന്റെ പരമാവധി നേടിയെങ്കിലും ഇന്നും രാജ്യത്തിനായി ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല എന്ന ദുഃഖമുണ്ട്. അതുകൊണ്ടുതന്നെ ആരാധകർ അവനിൽ നിന്നും ഇന്ദ്രജാലം പ്രതീക്ഷിച്ചിരിക്കുകയാണ്. പുറത്താകുമോ ഇല്ലയോ എന്നറിയാതെ പകച്ചുനിന്ന ടീമിനെ മനോഹര ഹാട്രിക്കിലൂടെ റഷ്യയിലെത്തിച്ചും, നോക്കൗട്ടിലേക്ക് കടക്കാൻ മൈതാന മധ്യത്തുനിന്നും ബനേഗ ഉയർത്തി നൽകിയ പന്ത് റൈറ്റ് വിങ്ങിലുടെ ഓടിവന്ന് ഇടതുതുടകൊണ്ട് ട്രാപ്പ് ചെയ്ത് ഇടതുകാലുകൊണ്ടു ഒരു ചെറിയ പുഷ് കൊടുത്ത് വീക്ക് ഫൂട്ടായ വലതു കാലുകൊണ്ട് തൊടുത്ത് നൈജീരിയൻ വലകളെ മുത്തിയിറങ്ങിയത് കണ്ട് ത്രില്ലടിച്ചതും ഓർക്കുന്നു.

വിശുദ്ധനാക്കി ഉയർത്തിപ്പാൻ ദൈവം മിശിഹായോട് വീണ്ടും അത്ഭുതം പ്രവർത്തിക്കാൻ പറഞ്ഞിരിക്കാം. ഇരുകൈകളും നീട്ടി ലോകത്തെ തന്നിലേക്കടുപ്പിക്കും വിധം റെഡിമീർക്കുന്നിലെ പ്രതിമയും നിശ്ചലമായി കാത്തുനില്ക്കു‍ന്നു. ഫുട്ബോൾ ചരിത്രത്തിലെ അനശ്വരനാകാൻ ലയണൽ മെസ്സിക്ക്  ഒരു വിജയം മാത്രം അകലെ. ഞായറാഴ്ച രാവിലെ നേരം പുലരുമ്പോൾ കപ്പുമുയർത്തി നീ നടന്നുനീങ്ങുന്ന ചിത്രങ്ങൾ എനിക്ക് കണികാണണം. 

Contact the author

Web Desk

Recent Posts

Web Desk 3 weeks ago
Football

റൊണാള്‍ഡോയ്ക്ക് എതിരായ ലൈംഗികാതിക്രമ കേസ് കോടതി തള്ളി; പരാതിക്കാരിയുടെ അഭിഭാഷകര്‍ക്ക് ശിക്ഷ

More
More
Web Desk 3 months ago
Football

ഇന്നത്തെ രാവ് നമുക്ക് ആഹ്ളാദത്തിന്‍റെതാകട്ടെ; ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മമ്മൂട്ടി

More
More
Football

മെസിക്ക് കൊവിഡ് പകര്‍ത്തിയെന്നാരോപിച്ച് ഡി ജെയ്ക്ക് വധഭീഷണി

More
More
Sports Desk 8 months ago
Football

പെലെയെ പിന്നിലാക്കി ഛേത്രി; സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍

More
More
Web Desk 11 months ago
Football

കോപ്പ അമേരിക്ക; ബ്രസീല്‍ - അര്‍ജന്റീന ക്ലാസിക് ഫൈനല്‍

More
More
Web Desk 1 year ago
Football

ഏഷ്യന്‍ വംശജരെ അധിക്ഷേപിച്ച സംഭവം; മാപ്പ് പറഞ്ഞ് ഫുട്ബോള്‍ താരങ്ങള്‍

More
More