കൊച്ചി: അഭിമുഖങ്ങളില്‍ കാണുന്ന ഷൈന്‍ ടോം ചാക്കോയല്ല സെറ്റിലെത്തുമ്പോഴെന്ന് നടി ഐശ്വര്യ ലക്ഷ്മി. എല്ലാദിവസവും ക്യാമറയ്ക്ക് മുന്പില് നില്ക്കണമെന്നാഗ്രഹിക്കുന്ന ആളാണ് അദ്ദേഹമെന്നും കഥാപാത്രത്തിലേക്ക് ആഴത്തിലിറങ്ങി ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്നയാളാണ് ഷൈന്‍ ടോം ചാക്കോയെന്നും ഐശ്വര്യ പറഞ്ഞു. ഷൂട്ടിംഗ് സെറ്റില്‍ കഥാപാത്രമായി മാത്രമേ അദ്ദേഹത്തെ കാണാന്‍ സാധിക്കുകയുള്ളൂ. അഭിനയിക്കാന്‍ വരുന്ന ആരെയും അദ്ദേഹം ശല്യപ്പെടുത്തുന്നത് താന്‍ കണ്ടില്ല. എല്ലാവരോടും നന്നായി മാത്രമാണ് ഷൈന്‍ ടോം പെരുമാറുന്നത് താന്‍ കണ്ടിട്ടുള്ളതെന്നും ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. 'കുമാരി' സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വിയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കുമാരി സിനിമയില്‍ ഷൈനിന് പകരം ആദ്യം കാസ്റ്റ് ചെയ്തത് റോഷന് മാത്യൂവിനെയായിരുന്നു. എന്നാല്‍ റോഷന് ഡേറ്റിന്റെ പ്രശ്നം വന്നപ്പോള്‍ കഥയുമായി ഷൈനിനെ സമീപിക്കുകയായിരുന്നു. കഥ കേട്ടപ്പോള്‍ മുതല്‍ അദ്ദേഹം സിനിമ ചെയ്യാന്‍ താത്പര്യം പ്രകടിച്ചു. ആ കഥാപാത്രത്തിനുവേണ്ടി അദ്ദേഹം കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നിട്ട് കൂടി മികച്ചരീതിയില്‍ ഷൈന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ ഗംഭീരപ്രകടനം കാണാന്‍ സാധിക്കും - ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'കുമാരി'യുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'കുമാരി' എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകൾ അത്തരത്തിലുള്ള സൂചനയാണ് ഇതു വരെ നൽകിയിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കുമാരി' ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തും. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്.