ഗുജറാത്ത്: ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒരു ശ്രമവും കോൺഗ്രസ്‌ നടത്തിയില്ല - എം വി ഗോവിന്ദന്‍

ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒരു ശ്രമവും കോൺഗ്രസ്‌ നടത്തിയില്ലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നതിലും സ്വാതന്ത്ര്യസമരം നയിക്കുന്നതിലും പ്രമുഖ പങ്കുവഹിച്ച, ഗാന്ധിജിയും ജവാഹർലാൽ നെഹ്‌റുവും നേതൃത്വം നൽകിയ കോൺഗ്രസ്‌ പാർടിയാണ്‌ ദയനീയമായ  ഈ പതനത്തിൽ എത്തിനിൽക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഏതൊരു രാഷ്ട്രീയപാർടിക്കും ആവശ്യമായ മൂന്നു ഘടകം പ്രത്യയശാസ്‌ത്രവും സംഘടനയും നേതൃത്വവുമാണ്‌. ഇത്‌ മൂന്നും പരസ്‌പരബന്ധിതവുമാണ്‌. വ്യക്തമായ നയം ഉണ്ടെങ്കിലേ അതിനു പിന്നിൽ ജനങ്ങളെ അണിനിരത്താൻ കഴിയൂ. ഈ നയം ജനങ്ങളിലെത്തിക്കാൻ ഗ്രാമപ്രദേശങ്ങളിലടക്കം കേഡർമാരുള്ള ശക്തമായ സംഘടനാ സംവിധാനവും വേണം. അതോടൊപ്പം പാർടിയുടെ നയങ്ങൾക്കൊത്ത്‌ പാർടിയെ നയിക്കാൻ കഴിവുള്ള നേതൃത്വവും വേണം. ഇത്‌ മൂന്നും ഇല്ലാത്ത ഇന്ത്യയിലെ ദേശീയ കക്ഷിയേതെന്ന്‌ ചോദിച്ചാൽ അതിനുള്ള ഉത്തരം കോൺഗ്രസ്‌ എന്നാണ്‌ പ്രമുഖ ചരിത്രകാരിയും ജെഎൻയു അധ്യാപികയുമായ സോയ ഹസ്സൻ അഭിപ്രായപ്പെട്ടത്‌ (ഫ്രണ്ട്‌ലൈൻ, നവംബർ 18, 2022). മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന ആശയം മുന്നോട്ടുവയ്‌ക്കുന്നതിലും സ്വാതന്ത്ര്യസമരം നയിക്കുന്നതിലും പ്രമുഖ പങ്കുവഹിച്ച, ഗാന്ധിജിയും ജവാഹർലാൽ നെഹ്‌റുവും നേതൃത്വം നൽകിയ കോൺഗ്രസ്‌ പാർടിയാണ്‌ ദയനീയമായ  ഈ പതനത്തിൽ എത്തിനിൽക്കുന്നത്‌. അതും ഇന്ത്യ എന്ന ആശയത്തിനെതിരെ സർവസന്നാഹങ്ങളുമായി ആർഎസ്‌എസിനാൽ നയിക്കപ്പെടുന്ന മോദി ഭരണം നീങ്ങുമ്പോൾ.

അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഗുജറാത്തിലേത്‌. 1995ൽ ആണ്‌ ഗുജറാത്തിൽ കോൺഗ്രസിന്‌ അധികാരം നഷ്ടമായത്‌. 27 വർഷമായിട്ടും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വ്യാഴാഴ്‌ച പുറത്തുവരും. കോൺഗ്രസ്‌ വീണ്ടും തോൽക്കുമെന്നാണ്‌ എല്ലാ എക്‌സിറ്റ്‌ പോൾ ഫലങ്ങളും പ്രവചിച്ചിട്ടുള്ളത്‌. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം കോൺഗ്രസ്‌ കാഴ്‌ചവച്ചില്ലെന്നത്‌ വസ്‌തുതയാണ്‌. രാഹുൽഗാന്ധി ആകെ ഒരു ദിവസമാണ്‌ പ്രചാരണം നടത്തിയത്‌. രണ്ടു പൊതുയോഗത്തിൽ സംസാരിച്ചു. പ്രിയങ്ക ഗാന്ധിയോ സോണിയ ഗാന്ധിയോ ഗുജറാത്തിലേക്ക്‌ തിരിഞ്ഞുനോക്കിയില്ല. തെരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനമായിട്ടും ഭാരത്‌ജോഡോ യാത്രാ റൂട്ടിൽനിന്ന്‌ ഈ സംസ്ഥാനത്തെ ഒഴിവാക്കി. അതായത്‌ ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒരു ശ്രമവും കോൺഗ്രസ്‌ നടത്തിയില്ല. തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിൽ നിന്നുള്ള ഏകപക്ഷീയമായ ഈ പിന്മാറ്റം ആരെ സഹായിക്കാനാണ്‌? ബിജെപിയെ നേർക്കുനേർനിന്ന്‌ എതിരിടാനുള്ള കരുത്ത്‌ കാണിക്കാത്ത കോൺഗ്രസിനെ എങ്ങനെയാണ്‌ ഇന്ത്യൻ ജനത വിശ്വസിക്കുക. ഇതുകൊണ്ടാണ്‌ സിപിഐ എം പറയുന്നത്‌ ബിജെപിക്ക്‌ ബദലുയർത്താൻ കോൺഗ്രസിനു കഴിയില്ലെന്ന്‌.

കണ്ണൂരിൽ ചേർന്ന സിപിഐ എമ്മിന്റെ 23-ാം പാർടി കോൺഗ്രസ്‌ വ്യക്തമാക്കിയതുപോലെ ‘മതനിരപേക്ഷതയെക്കുറിച്ച്‌ ഉദ്‌ഘോഷിക്കുമ്പോഴും ഹിന്ദുത്വത്തിനെതിരെ പ്രത്യയശാസ്‌ത്ര വെല്ലുവിളി ഉയർത്താൻ കഴിയാതെ സന്ധിചെയ്യുന്ന സമീപനമാണ്‌ കോൺഗ്രസ്‌ സ്വീകരിക്കുന്നത്‌’ എന്ന്‌. ഇത്തരത്തിൽ ദുർബലമായ കോൺഗ്രസിന്‌ എല്ലാ മതനിരപേക്ഷ കക്ഷികളെയും ബിജെപിക്കെതിരെ അണിനിരത്താൻ കഴിയില്ലെന്നും സിപിഐ എം വിലയിരുത്തി. ഈ വിശകലനം അക്ഷരാർഥത്തിൽ ശരിവയ്‌ക്കുന്നതാണ്‌ ഗുജറാത്തിൽ കോൺഗ്രസ്‌ കൈക്കൊണ്ട സമീപനം.

ദേശീയതലത്തിൽ കോൺഗ്രസിനുള്ള ഈ ദൗർബല്യം ഏറിയോ കുറഞ്ഞോ കേരളത്തിലെ സംഘടനയെയും ബാധിക്കുകയാണെന്ന്‌ അടുത്തിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നു. രാജസ്ഥാനിലും കർണാടകത്തിലും പഞ്ചാബിലും എന്ന പോലെ കേരളത്തിലെ കോൺഗ്രസിലും തമ്മിലടി രൂക്ഷമാണ്‌. ഏതാനും പൊതുപരിപാടികളിൽ കോൺഗ്രസ്‌ എംപി ശശി തരൂർ പങ്കെടുത്തതുമായി ബന്ധപ്പെട്ട്‌ ആ പാർടിയിൽ ഉയർന്ന വാദകോലാഹലങ്ങൾ ചെറുതല്ല. അതിനിയും കെട്ടടങ്ങിയിട്ടുമില്ല. പുതിയ ഗ്രൂപ്പ്‌ സമവാക്യങ്ങൾക്കാണ്‌ ഇത്‌ വഴിതുറന്നിരിക്കുന്നതെന്നാണ്‌ മാധ്യമങ്ങളുടെ വിലയിരുത്തൽ. ഒരു കാര്യം വ്യക്തമാണ്‌. കോൺഗ്രസ്‌ അവകാശപ്പെടുന്ന പാർടിക്കുള്ളിലെ ജനാധിപത്യം വെറും സോപ്പുകുമിളയാണ്‌.

എഐസിസിയെ എന്നപോലെ കെപിസിസിയെയും പ്രത്യയശാസ്‌ത്ര ദാരിദ്ര്യം വേട്ടയാടുകയാണ്‌. കെപിസിസി  അധ്യക്ഷൻ സമീപകാലത്ത്‌ ഇറക്കിയ പ്രസ്‌താവനകൾ തന്നെയാണ്‌ ഇതിന്‌ ഉദാഹരണം. തലശേരി കലാപകാലത്ത്‌ കണ്ണൂരിൽ തന്റെ പ്രദേശത്ത്‌ ആർഎസ്‌എസ്‌ ശാഖകൾക്ക്‌ സംരക്ഷണം നൽകിയിരുന്നുവെന്നാണ്‌ കെ സുധാകരൻ പറഞ്ഞത്‌. ഈ നടപടിയെ ന്യായീകരിക്കാനാണ്‌ അദ്ദേഹം നെഹ്‌റുവിനെ കൂട്ടുപിടിച്ചത്‌. ആർഎസ്‌എസ്‌ ദുർബലമായ കാലത്താണ്‌ അവർക്ക്‌ സുധാകരൻ സംരക്ഷണം നൽകിയത്‌. ഇപ്പോൾ താൻ അധ്യക്ഷനായുള്ള കോൺഗ്രസ്‌ ദേശീയതലത്തിൽ മാത്രമല്ല സംസ്ഥാനത്തും ദുർബലമായിരിക്കുന്നു. രണ്ടാം പിണറായി വിജയൻ സർക്കാർ വന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.  ഈ ഘട്ടത്തിൽ  മുഖ്യശത്രുവായ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പരാജയപ്പെടുത്താൻ ആർഎസ്‌എസിന്റെ സഹായം വേണമെന്ന ചിന്തയുടെ ഉൽപ്പന്നമായേ സുധാകരന്റെ ഈ പ്രസ്‌താവനയെ കാണാൻ കഴിയൂ.

ഈ ആർഎസ്‌എസ്‌ പ്രീണന നയത്തിന്റെ തുടർച്ചയാണ്‌ ഗവർണർ വിഷയത്തിൽ കെപിസിസി കൈക്കൊള്ളുന്ന സമീപനവും. ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിനെ അസ്ഥിരീകരിക്കുക എന്നത്‌ ആർഎസ്‌എസിന്റെ അജൻഡയാണ്‌. അതിനു പറ്റിയ ആളെന്ന നിലയിലായിരിക്കാം ആരിഫ്‌ മുഹമ്മദ്‌ ഖാനെ ഗവർണറായി നിയമിച്ചിട്ടുണ്ടാകുക. ഒരാളുടെ സ്വകാര്യ വസതിയിൽചെന്ന്‌ ഗവർണർ ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിനെ കണ്ടതിൽനിന്ന്‌ ഇവർ തമ്മിലുള്ള ബന്ധം പകൽപോലെ വ്യക്തമായതുമാണ്‌. എന്നിട്ടും ഗവർണറുടെ ഭരണഘടനാവിരുദ്ധമായ നീക്കങ്ങളെ പിന്തുണയ്‌ക്കാൻ കേരളത്തിലെ കോൺഗ്രസ്‌ തയ്യാറാകുന്നതിന്റെ ചേതോവികാരം ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആർഎസ്‌എസിന്‌ താൽപ്പര്യമുള്ള വൈസ്‌ചാൻസലർമാരെ നിയമിച്ച്‌ വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കുകയാണ്‌ അവരുടെ ലക്ഷ്യം. കേരളത്തിൽ വേരുറപ്പിക്കണമെങ്കിൽ വിദ്യാർഥികളുടെ മനസ്സിലേക്ക്‌ ഹിന്ദുത്വരാഷ്ട്രീയം കടത്തിവിടണം. അതിനു കഴിയണമെങ്കിൽ സർവകലാശാലാഭരണം കൈപ്പിടിയിലൊതുക്കണം. അതിനുള്ള വഴിവിട്ട നീക്കങ്ങളാണ്‌ ഗവർണർ നടത്തുന്നത്‌. അതിന്‌ ചൂട്ടുപിടിക്കുകയാണ്‌ കേരളത്തിലെ കോൺഗ്രസും. 

അതിവേഗ റെയിൽപാതയായ സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നതിലും യുഡിഎഫ്‌-ബിജെപി ചങ്ങാത്തം കാണാം. കേരളത്തിന്റെ വികസനത്തിന്‌ വേഗം പകരുന്ന സ്വപ്‌നപദ്ധതിയാണിത്‌. അതിനുവേണ്ടി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നതിനു പകരം അത്‌ തടയാനാണ്‌ ബിജെപിയും കോൺഗ്രസും ഒരുപോലെ ശ്രമിച്ചത്‌. കേരളത്തിന്‌ അർഹമായ സാമ്പത്തിക സഹായവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന കേന്ദ്രസമീപനത്തെ പിന്തുണയ്‌ക്കുന്നതിലും ഇരുവിഭാഗവും കൈകോർക്കുന്നത്‌ കാണാം. പ്രളയകാലത്ത്‌ ഇരകൾക്കു നൽകിയ അരിയുടെ വില 205 കോടി രൂപ ഷൈലോക്കിയൻ രീതിയിൽ പിടിച്ചുവാങ്ങിയപ്പോൾ കേന്ദ്രത്തിന്റെ സമീപനം തെറ്റാണെന്നു പറയാൻ എന്തേ യുഡിഎഫിനും ബിജെപിക്കും നാവ്‌ പൊന്താതിരുന്നത്‌? നമ്മുടെ ഭരണഘടന ഫെഡറൽ സ്വഭാവമുള്ളതാണ്‌. അതിന്റെ അടിസ്ഥാനത്തിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ സഹായം നൽകാൻ കേന്ദ്രം ബാധ്യസ്ഥമാണ്‌. ബിജെപിയെ എതിർക്കുന്ന കക്ഷിയാണ്‌ സംസ്ഥാനം ഭരിക്കുന്നത്‌ എന്നുവച്ച്‌ കീഴ്‌വഴക്കം അനുസരിച്ചും ഫെഡറൽ ബന്ധത്തിന്റെ അടിസ്ഥാനത്തിലുമുള്ള കടമകളിൽനിന്ന്‌ കേന്ദ്രം ഒളിച്ചോടുമ്പോൾ അത്‌ വിമർശിക്കപ്പെടേണ്ടതല്ലേ? താൻ നിശ്‌ചയിച്ചാൽ ബിജെപിയിലേക്ക്‌ പോകുമെന്നു പറയുന്ന പ്രസിഡന്റും ഗോൾവാൾക്കർക്കു മുമ്പിൽ വിളക്കുകൊളുത്തി കൈകൂപ്പി നിൽക്കാൻ മടിയില്ലാത്ത പ്രതിപക്ഷ നേതാവുമുള്ള കേരള പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റിയിൽനിന്ന്‌ ഇതേ പ്രതീക്ഷിക്കാൻ കഴിയൂ.

ഒരു കാര്യം വ്യക്തമാക്കാം. കേരളത്തിലെ കോൺഗ്രസ്‌ പാർടിയും ബിജെപിയും തമ്മിലുള്ള ഈ പ്രത്യയശാസ്‌ത്ര പാരസ്‌പര്യം അന്തിമമായി ഗുണം ചെയ്യുക ബിജെപിക്കായിരിക്കും. ആശയപരമായി ഇരു പാർടികളും തമ്മിൽ വ്യത്യാസമില്ലാത്ത  അവസ്ഥ സ്വാഭാവികമായും കോൺഗ്രസിൽനിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക്‌ എളുപ്പമാക്കും. ഉത്തരേന്ത്യയിലേതുപോലെ ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് കേന്ദ്രമായി കേരളത്തിലെ കോൺഗ്രസ്‌ പാർടിയും മാറുകയാണ്‌. കോൺഗ്രസിലെയും യുഡിഎഫിലെയും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളെങ്കിലും ഇക്കാര്യം മനസ്സിലാക്കി പ്രതികരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. സമീപകാലത്ത്‌ മുസ്ലിംലീഗും ആർഎസ്‌പിയും മറ്റും ഗവർണർ വിഷയത്തിൽ നടത്തിയ ചില പ്രസ്‌താവനകൾ ഈ ദിശയിലുള്ളതാണ്‌. വരും ദിവസങ്ങളിൽ കോൺഗ്രസും യുഡിഎഫ്‌ ഘടകകക്ഷികളും തമ്മിലുള്ള തർക്കം മൂർഛിക്കുക തന്നെ ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Social Post

ചിന്താ ജെറോമിന്‍റെ പി എച്ച് ഡി റദ്ദാക്കണം - ശാരദക്കുട്ടി

More
More
Web Desk 8 hours ago
Social Post

അദാനിക്ക് ചുവടു പിഴയ്ക്കുമ്പോൾ ഓരോ ഇന്ത്യക്കാരന്‍റെയും നെഞ്ച് പിടയ്ക്കും - ജോണ്‍ ബ്രിട്ടാസ്

More
More
Web Desk 13 hours ago
Social Post

ഹിന്ദു കോൺക്ലേവ് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടോ?; അടൂര്‍ നിലപാട് വ്യക്തമാക്കണമെന്ന് അശോകന്‍ ചരുവില്‍

More
More
Web Desk 15 hours ago
Social Post

എന്തിനാണ് മഅദനിയോട് ഭരണകൂടം ഇത്രമാത്രം ക്രൂരത കാണിക്കുന്നത് - കെ ടി ജലീല്‍

More
More
Web Desk 2 days ago
Social Post

ബിബിസി ഡോക്യുമെന്ററി: "കിളി പോയ" സ്ഥിതിയാണ് ബിജെപിയുടെതെന്ന് തോമസ്‌ ഐസക്ക്

More
More
Web Desk 2 days ago
Social Post

ആയിഷ; ജീവിതഗന്ധിയായ മറ്റൊരു സിനിമ- കെ ടി ജലീല്‍

More
More