ലോക ഫുട്ബോളിൽ ‘ഔട്ട്ഡേറ്റഡ്’ ആവാത്ത ഒരേയൊരു 'ബ്രാൻഡ്' ആണ് പെലെ

പെലെയുടെ 'എന്റെ ജീവിതവും മനോഹരമായ കളിയും' എന്ന ആത്മകഥാഗ്രന്ഥം തുടങ്ങുന്നത് ഇങ്ങനെയാണ്: ''ഞാന്‍ ജനിച്ചു... വളര്‍ന്നു, അതുകൊണ്ട് ഞാന്‍ ഇവിടെവരെ എത്തി... ഇനി ഞാന്‍ കൂടുതല്‍ വേഗത്തില്‍ പോവുകയാണ്... ഓടുന്നവരിലും വേഗത്തില്‍... ഒന്നും ആലോചിക്കാതെ... ഇത് നമ്മുടെ ജീവിതമല്ല. ഇവിടെയുള്ളതെല്ലാം ഓരോരോ കളികളാണ്. കടന്നുപോകുന്ന കാര്യം കാര്യമായുള്ളത് ഞാന്‍ ചെയ്തതാണ്. ഞാന്‍ എന്തെല്ലാം ബാക്കിവെച്ചാണ് പോകുന്നതെന്ന് നോക്കൂ. പിന്നാലെ വരുന്നവര്‍ക്ക് അതൊരു ദൃഷ്ടാന്തമാവട്ടെ. ഞാനെന്‍റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണ്. ഇനിയല്‍പ്പം വിശ്രമിക്കട്ടേ..." 

ട്രസ് കോറകോസ് (Três Coraçõse) എന്ന ചെറുപട്ടണത്തിലെ ബാറു (Bauru) എന്ന വളരെ ചെറിയ ഗ്രാമത്തിലെ റൂബന്‍ അരൂഡ തെരുവാണ് പെലെയുടെ കളിസ്ഥലം. ആ റോഡ് അവസാനിക്കുന്ന ഒരു കവാടംവരെ പഴയ കാലുറയില്‍ തുണികുത്തിനിറച്ച് ചുരുട്ടിയ പന്തിലാണ് പെലെ കളിച്ചുവളര്‍ന്നത്. ചെളിയില്‍ പുതഞ്ഞ് പന്ത് കനംവെയ്ക്കുമ്പോള്‍ അതടിച്ചുവീഴ്ത്താന്‍ പെലെയും കൂട്ടുകാരും വിഷമിക്കും. എങ്കിലും ആ ക്ലേശത്തിനു പിന്നില്‍ ഒരു ആനന്ദമുണ്ടായിരുന്നു. അതിലൊരു പരുവപ്പെടലിന്റെ തത്വശാസ്ത്രമുണ്ടായിരുന്നു. 

അമേരിക്കൻ ശാസ്ത്രജ്ഞനായ തോമസ് ആൽവ എഡിസനിൽ നിന്നാണ് 'എഡ്സണ്‍ അരാന്റസ് ഡോ നാസിമെന്റോ' എന്നു പെലെയ്ക്കു പേര് ലഭിച്ചത്. എന്നാല്‍ പെലെ എന്ന വിളിപ്പേര് വീണതിന് ഐതിഹ്യതുല്യമായ ഒരു കഥയുണ്ട്. ട്രസ് കോറകോസിലെ ക്ലബ്ബായ 'വാസ്കോ ഡ ഗാമ'യുടെ ഗോളി ബിലെയുടെ ആരാധകനായിരുന്നു എഡ്സണ്‍. കുട്ടിക്കാലത്ത് ബിലെ എന്നപേര് തെറ്റിച്ച് 'പെലെ' എന്ന് ഉച്ചരിച്ച എഡ്സണെ സഹപാഠികള്‍ 'പെലെ... പെലെ...' എന്ന് കളിയാക്കി വിളിച്ചു. കളിപ്പേരിന്റെ പേരില്‍ സ്കൂളില്‍ തന്റെ സഹപാഠികളുമായി എഡ്സണ് പലപ്പൊഴും കലഹിക്കേണ്ടിവന്നിരുന്നു. കലഹം മുറുകുംതോറും പെലെ എന്ന വിളിപ്പേര് ഉറച്ചു എന്ന് ആത്മകഥയില്‍ പെലെതന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഫുട്‌ബോളിനെ 'ബ്യൂട്ടിഫുള്‍ ഗെയിം' എന്നാണ് ഈ കളിയിലെ ഒരേയൊരു ചക്രവര്‍ത്തിയായ പെലെ വിശേഷിപ്പിക്കാറുള്ളത്. ഓൺ ദി ബോൾ ആയാലും ഓഫ്‌ ദി ബോൾ ആയാലും മൈതാനത്തിലെ പെലെയുടെ കുതിപ്പുകണ്ടാല്‍ ആര്‍ക്കും അതംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. ആ മനോഹര ദൃശ്യം നേരില്‍ കാണാന്‍ യുദ്ധംപോലും നിര്‍ത്തിവച്ചിട്ടുണ്ട്. 1969-ലാണ് സംഭവം. നൈജീരിയയില്‍ ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയത്താണ് പെലെയുടെ സാന്‍റോസ് ക്ലബ് ഒരു പ്രദര്‍ശനമത്സരത്തിനായി അവിടെയെത്തുന്നത്. 'പെലെ കളിക്കുന്നു' എന്ന വാര്‍ത്ത പരന്നതോടെ യുദ്ധത്തിന് ആഹ്വാനം ചെയ്ത രണ്ട് പ്രബല ശക്തികളും ഒരുമിച്ചിരുന്ന് കൂടിയാലോചിച്ച് 48 മണിക്കൂര്‍ യുദ്ധം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു!. യുദ്ധത്തെപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന കളിക്കാരനധീതമായ മാനവികതയാണ് പെലെയെ ഇതിഹാസമാക്കുന്നത്.

ഫുട്‌ബോള്‍ രക്തത്തിന്റെ രക്തവും മാംസത്തിന്റെ മാംസവുമായ ബ്രസീലുകാരുടെ പാദചലനങ്ങളുടെ ചടുലതയിലും താളത്തിലും പെലെയുടെ ശേഷിപ്പുകള്‍ കാണാം. എതിരാളികളെ അന്ധരാക്കുന്ന ഇന്ദ്രജാലദ്യുതി. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ അധിനിവേശം നടത്തുമ്പോള്‍ ബ്രസീലിലെ വളരെ കുറച്ചു വരുന്ന ജനവിഭാഗം ചിതറിക്കിടക്കുകയായിരുന്നു. 1894-ല്‍ ചാള്‍സ് മില്ലര്‍ എന്ന ഇംഗ്ലീഷുകാരന്‍ ബ്രസീലിലെത്തിച്ച കാല്‍പ്പന്ത് കളി സാധാരണക്കാര്‍ക്കിടയില്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 1902ല്‍ ബ്രസീലില്‍ ആദ്യത്തെ ഫുട്ബോള്‍ കളി വരുമ്പോള്‍ കറുത്തവര്‍ഗക്കാര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പക്ഷേ മൈതാനം നനയ്ക്കാനും പന്തുകള്‍കൊണ്ടുകൊടുക്കാനും സഹായം ചെയ്തുകൊടുക്കാനുമൊക്കെ  കറുത്തവര്‍ വേണമായിരുന്നു. കറുത്തവര്‍ അങ്ങനെ കണ്ടുപഠിച്ചതാണ് ആ കളി.

പിന്നീട് കറുത്തവര്‍ക്കും കളിക്കാമെന്നായതോടെ ലോകത്തിലെ മുഴുവൻ അധകൃതർക്കും വേണ്ടിയെന്നപോലെ പെലെ ഉയിര്‍ത്തെണീറ്റു. ഇരുള്‍ മൂടിയ ജീവിതസാഹചര്യങ്ങളിൽ, പ്രതീക്ഷയുടെ അവസാനത്തെ വെളിച്ചമായിരുന്നു പലർക്കുമയാൾ. പെലെക്ക് സാധിച്ചത് തങ്ങൾക്കും സാധിക്കുമെന്ന ആത്മവിശ്വാസം പലകോടി ദരിദ്ര നാരായണന്മാരിൽ അയാൾ കുത്തിവെച്ചു. ബ്രസീലിലെ സാമൂഹിക ചലനാത്മകതയിൽ പെലെയുടെ പങ്ക് ഒരിക്കലും വിസ്മരിക്കുവാനാവുന്നതല്ല. ലോക ഫുട്ബോളിൽ ‘ഔട്ട്ഡേറ്റഡ്’ ആവാത്ത ഒരേയൊരു ബ്രാൻഡ് ആണ് പെലെ. ചരിത്രത്തിൽ ഇതുവരെ ഫുട്ബോൾ കളിച്ചവർക്കും കളിക്കുന്നവർക്കും ഇനി കളിക്കാനിരിക്കുന്നവര്‍ക്കും തങ്ങളുടെ മികവ് മാറ്റുരച്ചു നോക്കാനുള്ള ഉരകല്ല്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 3 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 4 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More