അബ്രാഹ്‌മണര്‍ പാചകംചെയ്യുന്ന, സസ്യേതര വിഭവങ്ങള്‍കൂടി വിളമ്പുന്ന ഇടങ്ങളായി കലോത്സവ വേദികള്‍ മാറട്ടെ- വി ടി ബല്‍റാം

ഭക്ഷണം പാകംചെയ്യുന്ന ബ്രാഹ്‌മണര്‍ കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവിലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഭക്ഷണം ബ്രാഹ്‌മണരെക്കൊണ്ട് പാചകം ചെയ്യിച്ചാലേ വിശിഷ്ടമാവുകയുളളു എന്ന ചിന്ത നവോത്ഥാനത്തിനും എത്രയോ മുന്‍പുളളതാണെന്നും സവര്‍ണരല്ലാത്തവര്‍ കൈകൊണ്ട് തൊട്ടാലോ അടുത്തുകൂടെ പോയാലോ ഭക്ഷണം അശുദ്ധമാകുമെന്ന ജാതി- അയിത്ത സങ്കല്‍പ്പങ്ങളിലൂന്നിയ ചിന്തയാണ് ഇതിനുകാരണമെന്നും വി ടി ബല്‍റാം പറഞ്ഞു. അബ്രാഹ്‌മണര്‍ പാചകംചെയ്യുന്ന, സസ്യേതര വിഭവങ്ങള്‍കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികള്‍ നാളെകളിലെങ്കിലും മാറട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

വി ടി ബല്‍റാമിന്റെ കുറിപ്പ്

ഭക്ഷണം പാചകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന് ഒരു ന്യായീകരണ ക്യാപ്സ്യൂളിറങ്ങിയിട്ടുണ്ട്. ഏത് തൊഴിലിലും മാന്യത കണ്ടെത്താനും അഭിരുചിക്കനുസരിച്ച് സ്വയം സ്വീകരിക്കാനും ഏതെങ്കിലും വ്യക്തിക്ക് കഴിയുന്നുണ്ടെങ്കിൽ അതയാളുടെ ഉയർന്ന സാമൂഹിക ബോധത്തിന്റെ സൂചനയായി നോക്കിക്കാണുന്നതിൽ തെറ്റില്ല. എന്നാൽ അതിനെ പൊതുവൽക്കരിച്ച് വാഴ്ത്തിപ്പാടുന്നതിൽ വലിയ പിശകുണ്ട്, ചരിത്ര വിരുദ്ധതയുണ്ട്.

ഭക്ഷണം ബ്രാഹ്മണരേക്കൊണ്ട് പാചകം ചെയ്യിച്ചാലേ വിശിഷ്ടമാവുകയുള്ളൂ എന്ന ചിന്ത നവോത്ഥാനത്തിനും എത്രയോ മുൻപേയുള്ളതാണ്. പ്രധാന സദ്യകളുടെയൊക്കെ പാചകക്കാർ അന്നേ ബ്രാഹ്മണർ തന്നെയാണ്. ബ്രാഹ്മണരോ സവർണ്ണരോ അല്ലാത്തവർ കൈകൊണ്ട് തൊട്ടാലോ അടുത്തെങ്ങാനും പോയാൽപ്പോലുമോ ഭക്ഷണം അശുദ്ധമാവുമെന്ന ജാതി, അയിത്ത സങ്കൽപ്പങ്ങളിലൂന്നിയ പ്രാകൃത ചിന്തയും ഇതിന് കാരണമായി ഉണ്ട്. 

"ശുദ്ധ"മായ വെജിറ്റേറിയൻ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്മണനും ഇന്നും കൂടുതൽ ആവേശം പകരുന്നത് ജാതിബോധത്തിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങൾ മനസ്സിൽപ്പേറുന്നവർക്കാണ്. ഇപ്പോഴും കടുമാങ്ങ മുതൽ വറ്റൽ മുളക് വരെ ബ്രാഹ്മണരുടെ ലേബലിലാവുമ്പോൾ കൂടുതൽ വ്യാപാര വിജയം നേടുന്നതും മേൽപ്പറഞ്ഞ ജാതിബോധം പ്രബലമായിത്തന്നെ ഇവിടെ തുടരുന്നതിനാലാണ്. 

യഥാർത്ഥത്തിൽ നവോത്ഥാനത്തിന്റെ അട്ടിമറിയാണിത്. ജാതീയതയെ മറികടക്കുക എന്ന നവോത്ഥന ദൗത്യത്തിന്റെ പരാജയമാണിത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലടക്കം ശക്തമായി നിലനിൽക്കുന്ന ഈ നവോത്ഥാന വിരുദ്ധതയെയാണ് നാം തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും. അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികൾ നാളെകളിലെങ്കിലും മാറട്ടെ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 hour ago
Social Post

പ്രായം കൂടുന്തോറും മൂല്യം കൂടുന്ന ബാര്‍ബികള്‍

More
More
Web Desk 2 days ago
Social Post

പോളിംഗ് ബൂത്തിലേക്ക് പോകുമ്പോള്‍ നിങ്ങളുടെ മനസിലുണ്ടായിരിക്കേണ്ട 5 വിഷയങ്ങള്‍

More
More
Web Desk 2 days ago
Social Post

ബിജെപി വാഷിംഗ് മെഷീന്‍ വെളുപ്പിച്ചെടുത്ത നേതാക്കള്‍ !

More
More
Web Desk 6 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 1 week ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More