സംസ്ഥാനത്തിന് ജിഎസ്ടിയുടെ അർഹമായ വിഹിതം ലഭിക്കണം - അരുണ്‍ കുമാര്‍

ഡീസൽ വില കൂടിയാൽ ജീവിതം വീണ്ടും ഞെരുങ്ങുമെന്നും അതുകൊണ്ട് തന്നെ ജനക്ഷേമ സർക്കാർ അതിൽ കൈവയ്ക്കുന്നത് സൂക്ഷിച്ചാവണമെന്നും മാധ്യമ പ്രവര്‍ത്തകന്‍ ഡോ അരുണ്‍ കുമാര്‍. നികുതിയുടെ അർഹമായ സംസ്ഥാന വിഹിതം  നീതിയുക്തമായി നമുക്ക് ലഭിക്കുക തന്നെ വേണം. "തീർച്ചയായും ഉയർത്തിയ ഡീസൽ സെസ് ഒരു രൂപയെങ്കിലും കുറച്ചാൽ ചെറിയ ഒരിളവാകും. ഞെരുക്കത്തിന് ഒരയവ് കേരളം പ്രതീക്ഷിക്കുന്നുണ്ട്. - അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഡീസൽ വില കൂടിയാൽ ജീവിതം വീണ്ടും ഞെരുങ്ങും. സംശയമില്ല. അതു കൊണ്ട് തന്നെ ജനക്ഷേമ സർക്കാർ അതിൽ കൈവയ്ക്കുന്നത് സൂക്ഷിച്ചാവണം. അപ്പോഴും ചില കണക്കുകൾ നമ്മൾ ചോദിക്കുക തന്നെ വേണം. കേരളത്തിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽ  സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട 41% ത്തിൽ നമുക്ക് ലഭിക്കുന്നത് 1.91 % അഥവാ 18000 കോടി രൂപ (നേരത്തേ പത്താം ധനകാര്യ കമ്മീഷൻ കാലത്ത് 3.87 % അഥവാ 36000 കോടി രൂപ) .കുറവ് 18000 കോടി രൂപ. ഉത്തർപ്രദേശിൽ അത് 17.9% ആണ് എന്നറിയണം. തീർന്നില്ല GST വിഹിതത്തിൽ നിന്ന് ലഭിക്കേണ്ട  ധനസഹായത്തിലും ശരാശരി 15000 കോടിയുടെ കുറവ്. മൊത്തം കേരളത്തിന് നഷ്ടം  33000 കോടിയിലധികം രൂപ. ലളിതമായി പറഞ്ഞാൽ കേരളത്തിൽ നിന്നെടുക്കുന്ന ഓരോ രൂപയിൽ നിന്നും തിരിച്ച് കേരളത്തിന് ലഭിക്കുന്നത് 25 പൈസ. ഉത്തർപ്രദേശിന് ലഭിക്കുന്നത്  ഒരോ ഒരു രൂപയിലും  ഒരു രൂപ 79പൈസ. 

മന്ത്രി പറയുന്നത് കേൾക്കു, അതിൽ കാര്യമുണ്ട്. എങ്ങനെയാണ് കേന്ദ്ര നടപടികൾ  സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത് ?

രണ്ടുദാഹരണങ്ങൾ പറയാം 

1) ഡിവിസിബിൾ പൂൾ 

കേന്ദ്രം പിരിച്ചെടുക്കുന്ന  നികുതികളുടെ  59% കേന്ദ്രം എടുക്കുകയും ബാക്കി 41% സംസ്ഥാനങ്ങൾക്ക് വീതം വെച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനങ്ങൾക്കിടയിൽ വീതം വെച്ച് നൽകേണ്ടുന്ന ഈ 41 ശതമാനത്തിനെ വിളിക്കുന്ന പേരാണ് ഡിവിസിബിൾ പൂൾ. ഡിവിസിബിൾ പൂളിൽ നിന്നും തുക സംസ്ഥാനങ്ങൾക്കിടയിൽ വീതം വയ്ക്കാനുള്ള അനുപാതം തീരുമാനിക്കുന്നത് കേന്ദ്ര ധനകാര്യ കമ്മീഷനാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് (1995-2000) കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന വിഹിതം 3.87 % ആയിരുന്നു. അതായത്  സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടുന്ന ഡിവിസിബിൾ പൂളിലെ 100 രൂപയിൽ  3.87 രൂപ കേരളത്തിനുള്ളതായിരുന്നു. അത് കുറച്ചു കുറച്ചു കൊണ്ടുവന്ന്   പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ (2020-25) കാലമായപ്പോഴേക്കും  1.925 % ആക്കി . അതായത് കേരളത്തിന്റെ വിഹിതം പകുതിയിൽ താഴെയായി കുറച്ചു.  ഇപ്പോൾ ഒരു വർഷം ഈ ഇനത്തിൽ കേരളത്തിനു ലഭിക്കുന്നത് 18000 കോടി രൂപയോളമാണ്. ചുരുങ്ങിയത് 18,000 കോടി രൂപയുടെ വെട്ടിക്കുറവ് കേന്ദ്രം വരുത്തിയിരിക്കുന്നു.

2) ജി എസ് ടി  

2017 ജൂലൈ ഒന്നിനാണ് രാജ്യത്ത് ജി എസ് ടി നടപ്പിലാക്കിയത്. ജിഎസ്ടി നടപ്പിൽ വന്ന ആദ്യകാലങ്ങളിൽ റവന്യൂ ന്യൂട്രൽ റേറ്റ്  16 ശതമാനമായിരുന്നു. എന്നുവച്ചാൽ   100 രൂപയുടെ സാധനങ്ങളും സേവനങ്ങളും സമൂഹത്തിൽ കൈമാറ്റം ചെയ്യപ്പെടുമ്പോൾ നികുതിയായി 16 രൂപ  സർക്കാരിന് ലഭിക്കുമായിരുന്നു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ വൻകിട ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി ആഡംബര വസ്തുക്കളുടെ നികുതിയിൽ  വൻ കുറവു വരുത്തുകയുണ്ടായി.  ഇതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ  പഠനത്തിൽ കണ്ടെത്തിയത് ആഡംബര വസ്തുക്കളുടെ നികുതി കുറവു ചെയ്തതു കൊണ്ട് സാധനങ്ങളുടെ വിലയിൽ കുറവ് വന്നിട്ടില്ലെന്നും, ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നുമാണ്. നികുതി കുറഞ്ഞ തക്കത്തിന് സാധനങ്ങളുടെ വില കൂട്ടി  വ്യാപാരികൾ ലാഭം കൂട്ടുകയാണ് ചെയ്തത്. 

നികുതി സംവിധാനം വിപുലീകരിക്കപ്പെടുമെന്നും നികുതി വരുമാനം വർദ്ധിക്കും എന്നും പറഞ്ഞുകൊണ്ട് നിലവിൽ വന്ന ജി എസ് ടി  സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം വരുമാന നഷ്ടമാണ് സൃഷ്ടിച്ചത്. 16 രൂപയിൽ നിന്ന് 11 രൂപയിലേക്ക് റവന്യൂ ന്യൂട്രൽ റേറ്റ് പോകുമ്പോൾ കേരളത്തിന്റെ നികുതി വരുമാനത്തിൽ മൂന്നിലൊന്ന്   കുറവാണുണ്ടാകുന്നത്. കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ ജി എസ് ടി വരുമാനം 24000 കോടി രൂപയാണ്. നടപ്പുവർഷം നാം പ്രതീക്ഷിക്കുന്ന ജി എസ് ടി വരുമാനം 30000 കോടി രൂപയാണ്. ശരിക്കും സംസ്ഥാനത്തിന് ലഭിക്കേണ്ട വരുമാനത്തിന്റെ മൂന്നിൽ രണ്ടുമാത്രമാണ് ഈ 30,000 കോടി രൂപ. പഴയ നിരക്ക് ആയിരുന്നെങ്കിൽ ഏകദേശം 45,000 കോടി രൂപയാകുമായിരുന്നു സർക്കാരിന്റെ വരുമാനം. അതായത് 15000 കോടിയുടെ അധിക വരുമാനം സർക്കാരിന് ഉണ്ടാകുമായിരുന്നു. 

ഇവ രണ്ടും കൂടി ചേർത്താൽ തന്നെ 33,000 കോടി രൂപയുടെ വരുമാനം അധികമായി നമുക്ക് ലഭിച്ചേനെ . ഈ പണം ലഭിക്കുമായിരുന്നെങ്കിൽ നമുക്ക് പുറത്തുനിന്ന് അധികമായി കടമെടുക്കേണ്ടി പോലും വരുമായിരുന്നില്ല. ഈ നയം തിരുത്തപ്പെടണം. നികുതിയുടെ അർഹമായ സംസ്ഥാന വിഹിതം  നീതിയുക്തമായി നമുക്ക് ലഭിക്കുക തന്നെ വേണം. "തീർച്ചയായും ഉയർത്തിയ ഡീസൽ സെസ് ഒരു രൂപയെങ്കിലും കുറച്ചാൽ ചെറിയ ഒരിളവാകും. ഞെരുക്കത്തിന് ഒരയവ് കേരളം പ്രതീക്ഷിക്കുന്നുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഇ എം എസ് ആധുനിക കേരളത്തിന്റെ സ്രഷ്ടാവ് - എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Social Post

ഇ എം എസ് ലെനിനെയും മാവോയെയും പോലെ സൈദ്ധാന്തിക സംഭാവന നല്‍കിയ വിപ്ലവകാരി - എം എ ബേബി

More
More
Web Desk 1 day ago
Social Post

കിസാൻ ലോങ്ങ് മാർച്ച് വിജയമാകാൻ പ്രയത്നിച്ച എല്ലാവര്‍ക്കും വിപ്ലവാഭിവാദ്യങ്ങൾ - മുഖ്യമന്ത്രി

More
More
Web Desk 3 days ago
Social Post

പരിഷ്കൃത സമൂഹത്തിന് ചേരാത്ത പദപ്രയോഗങ്ങളാണ് സുധാകരന്റെ നാവിൽ നിന്നും വരുന്നത് - മന്ത്രി എം ബി രാജേഷ്‌

More
More
Web Desk 3 days ago
Social Post

സുധാകരന്‍റേത് നിന്ദ്യവും അരോചകവുമായ പ്രസ്താവനകളാണ് - എ എ റഹിം

More
More
Web Desk 3 days ago
Social Post

പ്രതിപക്ഷം പാർലിമെന്റിൽ പ്രശ്നങ്ങൾ ഉയർത്തുന്നത് ബിജെപിയെ ഭയപ്പെടുത്തുന്നു - എളമരം കരീം

More
More