കൊച്ചി: മലയാളികള്‍ എക്കാലവും ഓര്‍ത്തുവെയ്ക്കുന്ന അനശ്വര ഗാനം 'താമസമെന്തെ വരുവാൻ' പുതിയ രൂപത്തിൽ പുറത്തിറങ്ങി. എം എസ് ബാബുരാജിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. യേശുദാസ് ആലപിച്ച ഗാനത്തിന്റെ പുതിയ പതിപ്പ് പാടിയിരിക്കുന്നത് ഷഹബാസ് അമനാണ്. ബിജിബാലും റെക്സ് വിജയനുമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. മധു പോൾ ആണ് കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത്. സാരംഗി- മനോമണി.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന സിനിമയ്ക്കുവേണ്ടിയാണ് ഗാനം വീണ്ടും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ശശികുമാറും ഭാർഗവിയുമായുള്ള പ്രണയഗാനമാണ് താമസമെന്തേ വരുവാൻ. മലയാളത്തിലെ ആദ്യ ഹൊറർ സിനിമയാണ് 'ഭാർഗവീനിലയം'. ഒപിഎം സിനിമാസിന്റെ ബാനില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍ തലശ്ശേരിയാണ്.
റിമ കല്ലിങ്കല്‍, റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, സൗബിന് എന്നിവരെ വെച്ച് ചിത്രം ചെയ്യുമെന്നായിരുന്നു ആഷിക് അബു ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ ടൊവിനോ തോമസിലേക്ക് എത്തുകയായിരുന്നു. എഴുത്തുകാരനായ ഒരു ചെറുപ്പക്കാരനും അദ്ദേഹം താമസിക്കുന്ന വീടിനുള്ളില്‍ ഉണ്ടെന്ന് കരുതപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രം ഈ വർഷം ഡിസംബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.