ബംഗളുരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ മുന്‍ എംഎല്‍എമാരുള്‍പ്പെടെ മൂന്നുനേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ കൊല്ലേഗല എംഎല്‍എയും എസ് സി മോര്‍ച്ച വൈസ് പ്രസിഡന്റുമായ ജി എന്‍ നഞ്ചുണ്ട സ്വാമി, മുന്‍ വിജയപൂര്‍ എംഎല്‍എ മനോഹര്‍ ഐനപൂര്, മൈസൂര്‍ മുന്‍ മേയര്‍ പുരുഷോത്തം എന്നിവരാണ് ബിജെപി വിട്ടത്. ഇന്നലെ കര്‍ണാടകയിലെ കെപിസിസി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മൂവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
മൂന്ന് നേതാക്കളും ഒരു ഉപാധികളുമില്ലാതെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അവര്‍ പാര്‍ട്ടിയില്‍ ചേരുന്നതിനായി സീറ്റുവേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 140 സീറ്റുകള്‍ വരെ നേടുമെന്നും ചില ബിജെപി നേതാക്കള്‍കൂടി കോണ്‍ഗ്രസില്‍ ചേരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനപിന്തുണ കോണ്‍ഗ്രസിന് അനുകൂലമാണ് എന്നതിന്റെ തെളിവാണ് ബിജെപിയിലെ കൊഴിഞ്ഞുപോക്കെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.